Kozhikode

ഇരുതുള്ളിപ്പുഴയിലേക്ക് മലിനജലമൊഴുക്കി

Please complete the required fields.




താമരശ്ശേരി : മലയോരത്തെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ ഇരുതുള്ളിപ്പുഴയുടെ കോടഞ്ചേരി കരിമ്പാലക്കുന്ന് മേഖലയ്ക്ക് സമീപമുള്ള ഭാഗത്ത് രൂക്ഷഗന്ധമുള്ള മലിനജലം വ്യാപകമായി ഒഴുക്കിയതായി കണ്ടെത്തി.

ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ്‌കട്ട് ഓർഗാനിക് പ്രൈവറ്റ് ലിമിറ്റഡ് കോഴിയറവുമാലിന്യ സംസ്കരണപ്ലാന്റിന് പുറകുവശത്തുള്ള പുഴഭാഗത്തുള്ള മാലിന്യമാണ്‌ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

പ്ലാന്റ് അധികൃതരാണ് മലിനജലം ഒഴുക്കിയതെന്ന നാട്ടുകാരുടെ ആരോപണത്തെത്തുടർന്ന് കട്ടിപ്പാറ പഞ്ചായത്ത് അധികൃതർ പ്രദേശം സന്ദർശിച്ച് പരിശോധന നടത്തി. കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി എം.പി. നൗഷാദ് അലി, അസിസ്റ്റന്റ് സെക്രട്ടറി ഇൻ ചാർജ് സി. ലൈല, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ റസീന, വെട്ടിഒഴിഞ്ഞതോട്ടം എഫ്.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ കരീം എന്നിവരാണ് പരിശോധന നടത്തിയത്.

ഫ്രഷ്‌കട്ട് മാലിന്യസംസ്‌കരണ പ്ലാന്റിനും പുഴയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന തോട് നിലവിൽ വറ്റിയനിലയിലാണെന്നും, പ്ലാന്റിൽനിന്ന് നേരിട്ട് പുഴയിലേക്ക് മാലിന്യമൊഴുക്കിയതായി കണ്ടെത്തിയിട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അതേസമയം, താമരശ്ശേരി പഞ്ചായത്തിന്റെ അതിർത്തിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചാർക്കോൾ നിർമാണസ്ഥാപനത്തിൽനിന്ന്‌ തോട്ടിലേക്ക് ഒഴുക്കിവിട്ട കരിയും മറ്റ് മാലിന്യവസ്തുക്കളുമാണ് പുഴവെള്ളത്തെ മലിനപ്പെടുത്തിയെന്നതാണ് പരിശോധകസംഘത്തിന്റെ പ്രാഥമിക നിഗമനം.

പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ പുഴയിലെ മാലിന്യത്തിന്റെ നിജസ്ഥിതി അറിയുന്നതിനായി പരിശോധന വേണമെന്നാവശ്യപ്പെട്ട് കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി സി.ഡബ്ല്യു.ഡി.ആർ.ഡി.എം അധികൃതർക്ക് കഴിഞ്ഞദിവസം കത്ത് നൽകി. മലിനജലത്തിന്റെ സാംപിൾ ശേഖരിച്ച് രാസ, ജൈവപരിശോധന നടത്തി റിപ്പോർട്ട് ലഭ്യമാക്കണമെന്നതാണ് ചീഫ് അനലിസ്റ്റിന് അയച്ച കത്തിലെ ആവശ്യം.

Related Articles

Back to top button