ടിക്കറ്റ് കിട്ടാൻ ലോട്ടറി ഭാഗ്യം വേണം, കാത്തിരിപ്പ് രണ്ട് വർഷം; ഇതാ ലോകത്തിലെ ഏക ‘സെവൻ സ്റ്റാർ’ ട്രെയിൻ

ആഡംബരത്തിന്റെ പുതിയ ആകാശങ്ങൾ തേടുന്ന സഞ്ചാരികൾക്ക് ജപ്പാനിലെ ‘സെവൻ സ്റ്റാർസ്’ ട്രെയിൻ ഒരു വിസ്മയമായി മാറുന്നു. ലോകത്തിലെ തന്നെ ഏക സെവൻ സ്റ്റാർ ട്രെയിൻ എന്ന വിശേഷണമുള്ള ഈ ആഡംബര വാഹനം, കേവലം ഒരു യാത്രാമാർഗ്ഗമല്ല, മറിച്ച് ജാപ്പനീസ് പാരമ്പര്യവും ആധുനിക സൗകര്യങ്ങളും ഒത്തുചേരുന്ന അവിസ്മരണീയമായ ഒരു അനുഭവമാണ്.
2013-ൽ ജപ്പാൻ പുറത്തിറക്കിയ ഈ ട്രെയിൻ പദ്ധതിക്കായി ഏകദേശം 165 കോടി രൂപയാണ് ചെലവഴിച്ചത്. ഏഴ് കോച്ചുകളിലായി സഞ്ചരിക്കുന്ന ഈ ട്രെയിൻ ക്യൂഷു ദ്വീപിലെ ഏഴ് പ്രവിശ്യകളെ ബന്ധിപ്പിക്കുന്നു എന്നതിനാലാണ് ‘സെവൻ സ്റ്റാർസ്’ എന്ന പേര് ലഭിച്ചത്.
ക്യൂഷുവിലെ ഫുകുവോക്ക, നാഗസാക്കി, കഗോഷിമ തുടങ്ങിയ മനോഹരമായ ഇടങ്ങളിലൂടെ നീങ്ങുന്ന യാത്രയിൽ സജീവമായ അഗ്നിപർവ്വതങ്ങളും കടൽത്തീരങ്ങളും സഞ്ചാരികൾക്ക് കൺകുളിർക്കെ കാണാം.
ഒരു ലോഞ്ച് കാർ, ഡൈനിങ്ങ് കാർ, അഞ്ച് സ്ലീപ്പർ കാറുകൾ എന്നിവയാണ് ട്രെയിനിലുണ്ടാവുക. ഓരോ മുറിയും ജാപ്പനീസ് ശൈലിയിലുള്ള മുളകൊണ്ടുള്ള കർട്ടനുകളും കടലാസ് ഷെയ്ഡുകളും കൊണ്ട് അതിമനോഹരമായി രൂപകൽപ്പന ചെയ്തിരിക്കുന്നു.പരമ്പരാഗത ജാപ്പനീസ് ഓൺസെനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ഷവർ സൗകര്യങ്ങളും ടീ സെറിമണി മുറിയും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. ഈ ആഡംബര യാത്രയിലെ പ്രധാന ആകർഷണം വൈവിധ്യമാർന്ന ഭക്ഷണമാണ്.
ഓരോ ദിവസവും ഓരോ നഗരങ്ങളിൽ നിന്നുള്ള പ്രശസ്തരായ ഷെഫുമാരാണ് ട്രെയിനിലെ ഓപ്പൺ കിച്ചണിൽ വിഭവങ്ങൾ തയ്യാറാക്കുന്നത്. നാഗസാക്കി വാഗ്യു സ്റ്റീക്ക്, സ്പൈനി ലോബ്സ്റ്റർ തുടങ്ങിയ വിശിഷ്ട വിഭവങ്ങൾക്കൊപ്പം പത്തോളം വ്യത്യസ്ത കോഴ്സുകളുള്ള അത്താഴവും സഞ്ചാരികൾക്ക് ആസ്വദിക്കാം.
യാത്രയുടെ ഭാഗമായി ഒരു രാത്രി പരമ്പരാഗത ജാപ്പനീസ് ഹോട്ടലായ ‘ര്യോക്കനിൽ’ താമസിക്കാനും 1,300 വർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കാനും അവസരമുണ്ട്. ലോട്ടറി സമ്പ്രദായത്തിലൂടെ മാത്രം യാത്രക്കാരെ തിരഞ്ഞെടുക്കുന്ന ഈ ട്രെയിനിൽ ടിക്കറ്റ് ലഭിക്കുക എന്നത് വലിയ വെല്ലുവിളിയാണ്.
വെറും 20 മുതൽ 30 വരെ ആളുകൾക്ക് മാത്രമാണ് ഒരേസമയം യാത്ര ചെയ്യാൻ കഴിയുക എന്നതിനാൽ തന്നെ വർഷങ്ങൾക്ക് മുൻപേ ബുക്കിംഗ് പൂർത്തിയാക്കേണ്ടി വരും. പ്രശസ്ത ട്രാവൽ വ്ലോഗർമാരായ കാരയും നേറ്റും അടുത്തിടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ ട്രെയിനിലെ അത്ഭുതപ്പെടുത്തുന്ന സൗകര്യങ്ങൾ ലോകം വീണ്ടും ചർച്ച ചെയ്യുന്നത്.
ജാപ്പനീസ് റെയിൽവേയുടെ ഈ ആഡംബര വിസ്മയം ഇന്നും സഞ്ചാരികളുടെ സ്വപ്ന യാത്രകളുടെ പട്ടികയിൽ ഒന്നാമതായി തുടരുന്നു.





