
തിരുവനന്തപുരം: കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം ഭീതിജനകമായ രീതിയിൽ വ്യാപിക്കുന്നു. കഴിഞ്ഞ 90 ദിവസത്തിനിടയിൽ സംസ്ഥാനത്ത് 72 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഇതിൽ 14 പേർ മരണപ്പെടുകയും ചെയ്തു.
വേനൽ കടുക്കുന്നതോടെ ജലാശയങ്ങളിലെ വെള്ളം കുറയുന്നതും മലിനമാകുന്നതുമാണ് രോഗബാധ വർദ്ധിക്കാൻ പ്രധാന കാരണമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം, മലപ്പുറം, കൊല്ലം, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് നിലവിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
നേഗ്ലെറിയ ഫൗലേറി ഉൾപ്പെടെയുള്ള അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുന്നതാണ് ഈ ഗുരുതര അവസ്ഥയ്ക്ക് കാരണം. കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ കുളിക്കുമ്പോഴോ നീന്തുമ്പോഴോ മൂക്കിലെ നേർത്ത പാളികൾ വഴിയാണ് ഇവ മസ്തിഷ്കത്തിലേക്ക് കടക്കുന്നത്.രോഗം ബാധിച്ചാൽ അഞ്ച് മുതൽ പത്ത് ദിവസത്തിനുള്ളിൽ കടുത്ത തലവേദന, പനി, ഛർദ്ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. മരണനിരക്ക് 97 ശതമാനത്തിന് മുകളിലാണെന്നത് ഈ രോഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു.
രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെങ്കിലും പ്രതിരോധ നടപടികളിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം.നീന്തൽ കുളങ്ങളും വാട്ടർ തീം പാർക്കുകളും കൃത്യമായി ക്ലോറിനേറ്റ് ചെയ്യുകയും സ്വിമ്മിങ് പൂളുകളിൽ നോസ് ക്ലിപ്പുകൾ ഉപയോഗിക്കുകയും വേണം. കിണറുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുന്നത് അമീബയെ നശിപ്പിക്കുന്നതിനൊപ്പം മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളെ തടയാനും സഹായിക്കും. ശാരീരിക അസ്വസ്ഥതകൾ കണ്ടാലുടൻ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.





