Kozhikode

നടക്കുതാഴ-ചോറോട് കനാലിന്റെ സംഭരണശേഷി കൂട്ടാൻ നാട്ടുകാരുടെ കൂട്ടായ്മ

Please complete the required fields.




വടകര : നടക്കുതാഴ-ചോറോട് കനാലിന്റെ തീരങ്ങളിൽ മഴക്കാലത്ത് വെള്ളക്കെട്ട് പതിവാകുന്ന സാഹചര്യത്തിൽ കനാലിന്റെ സംഭരണശേഷി കൂട്ടാൻ നാട്ടുകാരുടെ കൂട്ടായ്മ.
വടകര നഗരസഭ പതിനാറ്, പതിനേഴ് വാർഡുകളിലൂടെ പോകുന്ന കനാലിലെ ചെളിയും മണ്ണും നീക്കുകയാണ് പരിസരവാസികൾ. രണ്ട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ജോലി. വലിയ ചെലവുവരുന്ന പ്രവൃത്തിയാണെങ്കിലും ഈ തുക നാട്ടുകാർതന്നെയാണ് വഹിക്കുന്നത്.

തിങ്കളാഴ്ച തുടങ്ങിയ പ്രവൃത്തി വെള്ളിയാഴ്ചയോടെ കീത്താടി പാലംവരെയെത്തി. ഇനി കുറുമ്പയിൽ വഴി കരിങ്കപ്പാലം വരെയുള്ള കൈത്തോടാണ് വൃത്തിയാക്കേണ്ടത്. ഇതും പൂർത്തിയാകുന്നതോടെ വരുന്ന മഴക്കാലത്ത് വീടുകളിലേക്ക് വെള്ളംകയറുന്ന സാഹചര്യം ഒഴിവാകുമെന്നാണ് പ്രതീക്ഷ. കീത്താടി പാലംമുതൽ അക്ലോത്ത് നട പാലംവരെയുള്ള ഭാഗത്തെ ചെളിയും മണ്ണും നീക്കംചെയ്യേണ്ടിവരും. ഇതിനായി 13, 15 വാർഡ് കൗൺസിലർമാരെയും ബന്ധപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നടക്കുതാഴ-ചോറോട് കനാലിന്റെ കരയിലുള്ളവർക്ക് മഴക്കാലം പേടിസ്വപ്നമാണ്. മണ്ണും ചെളിയും നിറഞ്ഞ് സംഭരണശേഷി കുറഞ്ഞ കനാൽ ശക്തമായ മഴപെയ്യുമ്പോഴേക്കും നിറയും.

തുടർച്ചയായി മഴപെയ്താൽ കനാൽ നിറഞ്ഞ് സമീപത്തെ വീടുകളിലേക്കും പറമ്പുകളിലേക്കും കയറും. ഒട്ടേറെ വീടുകൾ കീത്താടി മുതൽ കുറുമ്പയിൽ വരെയുള്ള ഭാഗത്ത് ഭീഷണി നേരിടുന്നുണ്ട്. സമീപകാലത്തായി ശക്തമായ വെള്ളപ്പൊക്കമാണെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനൊരു പരിഹാരം എന്നനിലയിലാണ് പ്രദേശവാസികൾ യോഗംചേർന്ന് ചെളിയും മണ്ണും നീക്കാൻ തീരുമാനിച്ചത്. പതിനാറാം വാർഡ് കൗൺസിലറും നഗരസഭാധ്യക്ഷനുമായ പി.കെ. ശശി ചെയർമാനും പതിനേഴാം വാർഡ് കൗൺസിലർ ശരണ്യ വാഴയിൽ കൺവീനറും ആർ.പി. ശശി ഖജാൻജിയുമായ കമ്മിറ്റി രൂപവത്കരിച്ചു. ഇതിനകം 75,000 രൂപയോളം ചെലവായി. കുറെക്കാലമായി ഇതേപോലെ കനാൽ വൃത്തിയാക്കിയിട്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ചില സ്ഥലത്ത് ആറടി ഉയരത്തിൽ ചെളിയുണ്ട്. ശരാശരി മൂന്നടി ഉയരത്തിലെങ്കിലും ചെളി നിറഞ്ഞു. ഇതെല്ലാം എടുത്തുമാറ്റിയതോടെ കനാലിന്റെ സംഭരണശേഷി കൂടി.

കീത്താടി പാലംമുതൽ അക്ലോത്ത് നട പാലംവരെയുള്ള ഭാഗത്തെ ചെളിയുംകൂടി നീക്കിയാൽമാത്രമേ ഒഴുക്ക് സുഗമമാകൂ. അവിടുന്നങ്ങോട്ട് കനാൽ വൃത്തിയാക്കി പാർശ്വഭിത്തി കെട്ടുന്ന ജോലി പുരോഗമിക്കുന്നുണ്ട്. നാട്ടുകാരായ സി.ടി.കെ. അബ്ദുറഹ്‌മാൻ, റിഷിൻരാജ്, വിനോദൻ, എം.ടി. ദിവാകരൻ, കെ. പ്രകാശൻ, രവി ഹർഷം, ഗംഗാധരൻ കുനിയിൽ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്നു.

Related Articles

Back to top button