സമനില തെറ്റിയത് തനിക്കല്ല, ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം, പൊതുയോഗത്തിന് പൊതുയോഗത്തിന്റെ രീതിയുണ്ട്’ – പിണറായി വിജയൻ

ഇടുക്കി: പൊതുയോഗത്തിനിടെ ചോദ്യമുന്നയിച്ചയാളോട് ‘വീട്ടിൽ പോയി ചോദിക്ക്’ എന്ന് പ്രതികരിച്ച സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമനില തെറ്റിയത് തനിക്കല്ലെന്നും സമനില തെറ്റുന്നത് ആർക്കെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.പല തരത്തിലുള്ള ആവേശക്കാർ ഉണ്ടല്ലോയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം. പൊതുയോഗത്തിന് പൊതുയോഗത്തിന്റെ രീതിയുണ്ട്. പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ചോദ്യം ചോദിച്ച ആള്‍ക്ക് ഇപ്പോള്‍ കാര്യം ബോധ്യപ്പെട്ടല്ലോ?
ചെറ്റത്തരം പരാമര്‍ശത്തില്‍, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. താൻ പലപ്പോഴും പറയുന്ന വാക്കാണെന്നും അണ്‍പാര്‍ലമെന്‍ററി അല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പിണറായിയുടെ നാവ് മോശമെന്ന് ചിത്രീകരിക്കാൻ നോക്കേണ്ട. ഡീൽ ആരോപണം വിചിത്രമാണ് കാര്യമാണ്. നാളെ ധര്‍മടം മണ്ഡലത്തെക്കുറിച്ചും പറയുമോ? മുസ്ലിം നാമധാരി ആയതാണോ ഡീലെന്നും മുഖ്യമന്ത്രി ചോദിച്ചു.അതേസമയം മുഖ്യമന്ത്രി ബിജെപിയുടെ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണെന്നാണ് കെ സി വേണുഗോപാൽ പറഞ്ഞത്. മുഖ്യമന്ത്രി ബിജെപിയുടെ ക്യാപ്റ്റനാണോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രിയുടെ നാക്ക് ബിജെപിക്ക് വേണ്ടി വാടകയ്ക്ക് കൊടുത്തിരിക്കുന്നുവെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സി വേണുഗോപാൽ.
രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയുടെ പ്രവർത്തനം. മുഖ്യമന്ത്രിയും രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നു. രാഹുൽ ഗാന്ധിക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടത്തുന്നത് ബിജെപിയാണ്. മുഖ്യമന്ത്രി ബിജെപിയുടെ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുന്നവെന്നും ഇത് ബിജെപിയുമായുള്ള ഡീലിൻ്റെ ഭാഗമാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.
ബന്ധുക്കളെയും സ്വന്തക്കാരെയും രക്ഷിക്കാൻ വേണ്ടി മോദിയുടെ മുന്നിൽ സാഷ്ടാംഗം വീണ ആളാണ് മുഖ്യമന്ത്രിയെന്നും അദേഹം പറഞ്ഞു. പാർട്ടി താൽപര്യങ്ങളല്ല, മുഖ്യമന്ത്രിക്ക് പ്രശ്നം സ്വന്തം താൽപര്യങ്ങളാണ്. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും ഇത്രയേറെ ഉരുൾപൊട്ടലുകൾ ഉണ്ടാക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.





