റാഫിഞ്ഞയുടെ ഹാട്രിക് കരുത്തിൽ ബാഴ്‌സ; വില്ലയെ തകർത്ത് യുണൈറ്റഡ്; പ്രീമിയർ ലീഗിൽ ചരിത്രമെഴുതി ‘അത്ഭുത ബാലൻ’ മാക്സ് ഡൗമാൻ

ബാഴ്‌സലോണ: യൂറോപ്യൻ ഫുട്ബോൾ മൈതാനങ്ങളിൽ ബാഴ്‌സലോണയുടെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും കരുത്തുറ്റ പ്രകടനങ്ങൾക്കൊപ്പം ഒരു കൗമാരതാരത്തിന്റെ റെക്കോർഡ് നേട്ടവും വാർത്തകളിൽ നിറയുന്നു.
സ്പാനിഷ് ലാ ലിഗയിൽ സെവിയ്യയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തെറിഞ്ഞ ബാഴ്‌സലോണ കിരീടപ്പോരാട്ടത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ബ്രസീലിയൻ താരം റാഫിഞ്ഞയുടെ ഹാട്രിക് മികവിലായിരുന്നു ബാഴ്‌സയുടെ ഈ ആധികാരിക വിജയം.മത്സരത്തിന്റെ 9, 21 മിനിറ്റുകളിൽ പെനാൽറ്റിയിലൂടെ വലകുലുക്കിയ താരം 51-ാം മിനിറ്റിൽ തന്റെ ഹാട്രിക് പൂർത്തിയാക്കി. ഡാനി ഓൽമോ, ജാവോ കാൻസലോ എന്നിവരും ബാഴ്‌സയ്ക്കായി സ്കോർ ചെയ്തതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായുള്ള വ്യത്യാസം നാലായി ഉയർത്താൻ അവർക്ക് സാധിച്ചു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ കുതിപ്പ് തുടർന്നു. രണ്ടാം പകുതിയിൽ പിറന്ന മൂന്ന് ഗോളുകളാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്.
ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാൻ യുണൈറ്റഡിനായി. തോൽവി വഴങ്ങിയ ആസ്റ്റൺ വില്ല നിലവിൽ നാലാം സ്ഥാനത്താണ്. മറ്റൊരു ശ്രദ്ധേയമായ വാർത്ത പ്രീമിയർ ലീഗിലെ ‘വണ്ടർ ബോയ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആഴ്‌സനലിന്റെ പതിനാറുകാരൻ മാക്സ് ഡൗമാന്റെ റെക്കോർഡ് നേട്ടമാണ്.എവർട്ടനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി ഈ ഇംഗ്ലീഷ് കൗമാരക്കാരൻ സ്വന്തമാക്കി. 16 വയസ്സും 78 ദിവസവും മാത്രം പ്രായമുള്ളപ്പോൾ ഗോൾ നേടിയ ഡൗമാൻ, മുൻ എവർട്ടൻ താരം ജെയിംസ് വോണിന്റെ റെക്കോർഡാണ് തിരുത്തിക്കുറിച്ചത്.
പ്രായപൂർത്തിയാകാത്തതിനാൽ ടീമിന്റെ ഡ്രസ്സിംഗ് റൂമിൽ പ്രവേശിക്കുന്നതിന് പോലും നിയന്ത്രണങ്ങളുള്ള ഡൗമാൻ, മാതാപിതാക്കളുടെ കൂടെയാണ് ടീം ക്യാമ്പിലെത്തുന്നത്. നിയമങ്ങൾ അനുസരിച്ച് ഡ്രസ്സിംഗ് റൂം ഉപയോഗിക്കാൻ അടുത്ത വർഷം അവസാനം വരെ ഈ കുട്ടിത്താരത്തിന് കാത്തിരിക്കേണ്ടി വരും.പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കുമ്പോൾ 16 വയസ്സ് പോലും തികയാതിരുന്ന ഡൗമാന്റെ ഈ ഒറ്റയാൾ കുതിപ്പ് ഫുട്ബോൾ ലോകം ഏറെ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത്.





