
കൊടുവള്ളി : കൊടുവള്ളി ടൗണിന്റെ ഹൃദയഭാഗത്ത് ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിൽ അപകടഭീഷണിയുയർത്തി സ്ഥിതിചെയ്യുകയാണ് കൊടുവള്ളി പഴയ വില്ലേജ് ഓഫീസ് കെട്ടിടം. 50 വർഷത്തിലധികം പഴക്കമുള്ള ഈ കെട്ടിടത്തിലായിരുന്നു മുൻപ് കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് ഓഫീസും കൊടുവള്ളി വില്ലേജ് ഓഫീസും പ്രവർത്തിച്ചിരുന്നത്.
കെട്ടിടം ജീർണിച്ച് അപകടാവസ്ഥയിലായതോടെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസുകൾ ഇവിടെനിന്ന് മാറ്റുകയായിരുന്നു. എന്നാൽ, കെട്ടിടത്തിന്റെ താഴത്തെനിലയിൽ ഏതാനും കടമുറികൾ ഇപ്പോഴും പ്രവർത്തിക്കുന്നു. കൊടുവള്ളി ടാക്സി സ്റ്റാൻഡും ഈ കെട്ടിടത്തോടുചേർന്നാണ് സ്ഥിതിചെയ്യുന്നത്. പകലും രാത്രിയും കെട്ടിടത്തിലും പരിസരത്തും ആളുകൾ സജീവമായതിനാൽ കെട്ടിടം എപ്പോൾ തകർന്നാലും ദുരന്തമുറപ്പാണ്. രാത്രിയിൽ ഇവിടെ മദ്യപരുടെ വിളയാട്ടമാണ്. എല്ലാദിവസവും രാവിലെ കടതുറക്കാനെത്തുമ്പോൾ കടയ്ക്കുമുൻപിൽനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ഗ്ലാസുകളും എടുത്തുമാറ്റേണ്ട ഗതികേടാണ് കച്ചവടക്കാർക്ക്.
ദിവസവും അതിരാവിലെത്തന്നെ തൊഴിലിനായിപ്പോകുന്ന നൂറോളംവരുന്ന മറുനാടൻതൊഴിലാളികൾ ഈ കെട്ടിടത്തിനടുത്താണ് കേന്ദ്രീകരിക്കുന്നത്. ഇവർക്കിടയിൽ കഞ്ചാവ്, ഹാൻസ് തുടങ്ങിയ ലഹരിവസ്തുക്കളുടെ കച്ചവടംനടക്കുന്നതും രാവിലെ ഈ സമയങ്ങളിലാണെന്നാണ് നാട്ടുകാർ പറയുന്നത്. ലഹരിയുപയോഗിക്കുന്ന മറ്റുപലരും ലഹരിവസ്തുക്കൾക്കായി ഇവിടെയെത്താറുണ്ട്. പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെയൊന്നും സാന്നിധ്യമോ ശ്രദ്ധയോ ഇവിടെയില്ലാത്തത് ലഹരിക്കച്ചവടക്കാർക്ക് വലിയ അനുഗ്രഹമായിട്ടുണ്ട്. കൊടുവള്ളി ടൗണിൽനടക്കുന്ന ഒട്ടുമിക്കപൊതുയോഗങ്ങളും മറ്റ് ചെറിയപരിപാടികളുമെല്ലാം നടക്കുന്നത് ഈ പഴയ വില്ലേജ് ഓഫീസ് കെട്ടിടത്തിനുമുൻപിലാണ്. കെട്ടിടംനിൽക്കുന്ന ഭൂമിസംബന്ധിച്ച് നഗരസഭയും റവന്യൂവകുപ്പുംതമ്മിലുള്ള തർക്കമാണ് കെട്ടിടംപൊളിക്കുന്നതിന് തടസ്സമായിനിൽക്കുന്നതെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്.





