കരിമ്പുഴ ഉൾവനത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും; മരണകാരണം വ്യക്തമായിട്ടില്ല

മലപ്പുറം: കരിമ്പുഴ വന്യജീവി സങ്കേതത്തിലെ വടക്കേക്കോട്ട മലവാരത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അമരമ്പലം പഞ്ചായത്തിലെ അച്ചനള ചോലനായിക്ക ആദിവാസി സങ്കേതത്തിന് സമീപമുള്ള പുല്ലട്ടിക്കുന്നിലാണ് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ഇത് അച്ചനള സ്വദേശിയായ മാതൻകുട്ടിയുടേതാണെന്നാണ് പ്രാഥമിക നിഗമനം.വനത്തിനുള്ളിൽ കടുവ സെൻസസിന്റെ ഭാഗമായി ക്യാമറകൾ സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് മൃതദേഹം ആദ്യം കണ്ടത്. ദുർഘടമായ വനപാതയിലൂടെ ഒരു മണിക്കൂറോളം ചുമന്നാണ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മൃതദേഹം ടി.കെ. കോളനിയിൽ എത്തിച്ചത്.
അവിടെനിന്ന് ആംബുലൻസ് മാർഗ്ഗം ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലമ്പൂർ തഹസിൽദാർ വിനോദ് കുമാർ, പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.വ്യാഴാഴ്ച മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.





