
കൂരാച്ചുണ്ട് : കർഷകരുടെ വിളകൾ വ്യാപകമായി നശിപ്പിക്കുന്നത് പതിവായതോടെ കാട്ടുപന്നികളെ വെടിവെച്ചുകൊന്ന് കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് അധികൃതർ. കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടിയ കൂരാച്ചുണ്ടിലാണ് പന്നിവേട്ടനടത്തിയത്. കാട്ടുപന്നികൾ വ്യാപകമായി കാർഷികവിളകൾ നശിപ്പിക്കാൻതുടങ്ങിയത് കർഷകരുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പന്നിയിടിച്ച് വാഹനാപകടങ്ങളും പതിവായിരുന്നു. തുടർന്ന് ഗ്രാമപ്പഞ്ചായത്തിന്റെ ഇടപെടലിൽ വനംവകുപ്പധികൃതരുടെ അനുമതിയോടെ കർഷകസംഘടനയായ കിഫയുടെ സഹകരണത്തോടെയാണ് കാട്ടുപന്നിവേട്ട ശക്തമാക്കിയത്.
ഡിഎഫ്ഒയുടെ എംപാനൽ ലിസ്റ്റിലുൾപ്പെട്ടവരും അംഗീകൃത തോക്ക്‌ലൈസൻസുള്ളവരുമായ പതിനേഴ് ഷൂട്ടർമാരും ആറ് വേട്ടനായ്ക്കളുമടങ്ങുന്ന 35 അംഗ സംഘമാണ് നേതൃത്വംനൽകിയത്. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ ഓണററി വൈൽഡ് ലൈഫ് വാർഡനായ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉത്തരവിറക്കിയതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ എട്ടിന് കിഫയുടെ ഷൂട്ടർമാർ പഞ്ചായത്ത് ഓഫീസിൽ റിപ്പോർട്ടുചെയ്തിരുന്നു. തുടർന്ന് ഓട്ടപ്പാലം, മണ്ടോപ്പാറ ഭാഗങ്ങളിലേക്ക് രണ്ടുസംഘമായിത്തിരിഞ്ഞ് വേട്ടയ്ക്കിറങ്ങുകയായിരുന്നു. ഇതിനുശേഷം കാളങ്ങാലിഭാഗത്തും ഉച്ചയ്ക്കുശേഷം കണ്ണാടിപ്പാറ മേഖലയിലുമാണ് കാട്ടുപന്നികൾക്കുനേരേ വെടിയുതിർത്തത്. ആർആർടി അംഗങ്ങളുടെ നേതൃത്വത്തിൽ വെടിവെപ്പുനടക്കുന്ന മേഖലകളിൽ റോഡുകളുൾപ്പെടെ അടച്ച് കർശന സുരക്ഷാസംവിധാനം ഏർപ്പെടുത്തിയിരുന്നു. ഓട്ടപ്പാലം, കണ്ണാടിപ്പാറ, കാളങ്ങാലി മേഖലകളിൽനിന്നായി പന്ത്രണ്ടും കണ്ണാടിപ്പാറ ഭാഗത്തുനിന്ന് ആറും പന്നികളെയാണ് വെടിവെച്ചിട്ടത്.
കൊന്നൊടുക്കിയ പന്നികളെ വനംവകുപ്പ്, പോലീസ്, പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ കണക്കെടുപ്പിനും പരിശോധനയ്ക്കും ശേഷം അതത് മേഖലകളിൽ സംസ്കരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ചെറിയാൻ അറയ്ക്കൽ, ജോസ് വെളിയത്ത്, പ്രബീഷ് തളിയോത്ത്, വി.കെ. ഹസീന, സണ്ണി കാനാട്ട്, ബിന്ദുമോൾ കളപ്പുരയ്ക്കൽ, എൻ.ജെ. ആൻസമ്മ, കിഫ സംസ്ഥാനചെയർമാൻ അലക്സ് ഒഴുകയിൽ, ജില്ലാ ചെയർമാൻ മനോജ് കുബ്ലാനി, ഷാജു കാരക്കട, വനംവകുപ്പ്-പോലീസ്-ആരോഗ്യവകുപ്പ് അധികൃതർ, വെറ്ററിനറി സർജൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു.





