Kozhikode

‘കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ’ സംഘാടകസമിതി ഓഫീസ് തുറന്നു

Please complete the required fields.




കോഴിക്കോട് : ഡിസബിലിറ്റി സൗഹൃദമായ ഒരു നവകേരളം ലക്ഷ്യമിട്ടുനടത്തുന്ന ‘കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന്റെ’ പ്രവർത്തനങ്ങൾക്കായി സ്വാഗതസംഘം ഓഫീസ് തുറന്നു. മലാപ്പറമ്പിലെ ഇഖ്റ തണൽ സൂപ്പർ സ്പെഷ്യാലിറ്റി ഏർലി ഇന്റർവെൻഷൻ സെന്ററിലാണ് ഓഫീസ്. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. നടക്കാനിരിക്കുന്ന ഫെസ്റ്റിവൽ കേരളീയസമൂഹത്തിന്‌ പുതിയദിശാബോധം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവൽ ജനറൽ കൺവീനർ ഡോ. വി. ഇദ്രീസ് അധ്യക്ഷനായി. ഫെസ്റ്റിവൽ ഡയറക്ടർ ഡോ. റോഷൻ ബിജിലി, ഇഖ്റ അന്താരാഷ്ട്ര ആശുപത്രി എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. പി.സി. അൻവർ, ഡോ. പി.പി. പ്രമോദ്കുമാർ, സമീർ സഫീറ എന്നിവർ സംസാരിച്ചു.

തണലും കേരളത്തിലെ മുപ്പതിലധികം ഡിസബിലിറ്റി സംഘടനകളും സ്ഥാപനങ്ങളും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 29 മുതൽ ഫെബ്രുവരി ഒന്നുവരെ കോഴിക്കോട് ബീച്ചിലാണ് ഫെസ്റ്റിവൽ.
ഡിസബിലിറ്റിയെന്നത് ഒരു വ്യക്തിയുടെ പോരായ്മയായോ, ചാരിറ്റിയിലൂടെയോ ചികിത്സയിലൂടെയോ പരിഹരിക്കപ്പെടേണ്ട ഒന്നായോ ആണ് കണ്ടുപോരുന്നത്. ഇത്തരം കാലഹരണപ്പെട്ട കാഴ്ചപ്പാടുകൾ വ്യക്തികളെ മറ്റുള്ളവരെ ആശ്രയിച്ചുകഴിയുന്നവരാക്കി മാറ്റുകയും അവരെ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്തുകയും ചെയ്യുന്നു.

ഈയൊരു ധാരണയെ തിരുത്തിക്കൊണ്ട് സോഷ്യൽ മോഡൽ ഓഫ് ഡിസബിലിറ്റി ഉയർത്തിപ്പിടിക്കാനാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്. 21 തരം ഡിസബിലിറ്റികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി പ്രത്യേക എക്സ്പീരിയൻസ് സോണുകൾ, നൂതനമായ അസിസ്റ്റീവ് സാങ്കേതികവിദ്യകൾ, ഡിസബിലിറ്റി സൗഹൃദ നിർമിതിയുടെ മാതൃകകൾ, മറ്റ്‌ സ്റ്റാളുകൾ എന്നിവ പരിപാടിയുടെ ഭാഗമായുണ്ടാകും. ഹ്യൂമൻ ലൈബ്രറി, സംവാദങ്ങൾ, ഡിസബിലിറ്റിയുള്ള വ്യക്തികളുടെ കലാപരിപാടികൾ എന്നിവയും നടക്കും. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Related Articles

Back to top button