Kozhikode

നാളികേരപാർക്കിലേക്ക് വ്യവസായം ക്ഷണിച്ച് കെഎസ്‌ഐഡിസി

Please complete the required fields.




കുറ്റ്യാടി : നാളികേര മേഖലയ്ക്ക് ഉണർവേകുന്ന വേളം മണിമലയിലെ കുറ്റ്യാടി നാളികേര പാർക്കിലേക്ക് വ്യവസായങ്ങൾ ക്ഷണിച്ച് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡിവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎസ്‌ഐഡിസി). ഒക്ടോബറിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് കെഎസ്‌ഐഡിസി പുറപ്പെടുവിപ്പിച്ചത്. വ്യവസായത്തിനാവശ്യമായ സ്ഥലം നൽകുന്നതിന് സംരഭകർ, വ്യവസായസ്ഥാപനങ്ങൾ, നിക്ഷേപകർ എന്നിവരിൽനിന്നാണ് അപേക്ഷ ക്ഷണിച്ചത്.

കെഎസഐഡിസിയുടെ വെബ്‌സൈറ്റിൽ ഇതിന്റെ വിശദാംശങ്ങളുണ്ട്. നാളികേരാധിഷ്ഠിത, ഭക്ഷ്യസംസ്കരണം തുടങ്ങിയ വ്യവസായങ്ങൾക്കാണ് സ്ഥലം പാട്ടത്തിന് നൽകുക. 2025 ഡിസംബർ മാസത്തോടെ നാളികേര പാർക്കിൽ വ്യവസായങ്ങളെ ക്ഷണിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് നിയമസഭയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎയ്ക്ക് മറുപടി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് സംരഭകരെ ക്ഷണിച്ചത്.

115 ഏക്കർ സ്ഥലമാണ് കുറ്റ്യാടി പാർക്കിനായി സർക്കാർ ഏറ്റെടുത്തത്. വ്യവസായങ്ങൾക്ക് ആവശ്യമായ വൈദ്യുതി, വെള്ളം, റോഡ് സൗകര്യങ്ങൾ എന്നിവ ഒരുക്കുന്ന പ്രവൃത്തി പൂർത്തീകരണ പാതയിലാണ്. യുഎൽസിസിഎസാണ് പ്രവൃത്തിനടത്തുന്നത്. ഒരു കോടി രൂപ ചെലവിട്ടുള്ള പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. 73.61 ലക്ഷം രൂപ ചെലവിൽ മതിൽ, പ്രവേശനകവാടം തുടങ്ങിയ പ്രവൃത്തികൾ നേരത്തേ നടത്തിയിരുന്നു. 160 കെവി ട്രാൻസ്‌ഫോമറും സ്ഥാപിച്ചു.

ജില്ലയിലെ വ്യാവസായിക മുന്നേറ്റത്തിന് വലിയപങ്കുവഹിക്കാൻ നാളികേര പാർക്കിന് കഴിയുമെന്നാണ് പ്രതീക്ഷ. ഒപ്പം നാളികേരമേഖലയിലും വലിയ കുതിപ്പുണ്ടാകും. 2010-ൽ പ്രഖ്യാപിച്ച പദ്ധതിയാണ് നാളികേര പാർക്ക്. 2012-ൽ സ്ഥലമെടുപ്പ് പൂർത്തിയായി. എന്നാൽ പിന്നീടങ്ങോട്ട് പദ്ധതി പലകാരണങ്ങളാൽ വൈകി. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളും വിനയായി. ഇതെല്ലാം പരിഹരിച്ച് 2022 ഡിസംബറിലാണ് പദ്ധതി പ്രവർത്തനങ്ങൾക്കായി സർക്കാർ ഫണ്ട് അനുവദിച്ചതും പ്രവൃത്തിക്ക് തറക്കല്ലിട്ടതും.

Related Articles

Back to top button