Kozhikode

കടലാക്രമണം രൂക്ഷം ; കുരിയാടി ഭാഗത്ത് വീടുകൾ അപകട ഭീഷണിയിൽ

Please complete the required fields.




വടകര: രൂക്ഷമായ കടലാക്രമണം കാരണം ദുരിതം അനുഭവിക്കുന്ന ആവിക്കൽ, കുരിയാടി, മുട്ടുങ്ങൽ പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം. മുൻ കാലങ്ങളെ അപേക്ഷിച്ച് അതിശക്തമായ കടലാക്രമണമാണ് ഇപ്പോൾ ഉള്ളത്. ആവിക്കൽ, കുരിയാടി ഭാഗത്തെ 20 ഓളം വീടുകൾ ഭീഷണിയിലാണ്. കടലാക്രമണത്തിൽ റോഡുകൾ തകർന്നു കിടക്കുകയാണ്. ചോമ്പാല ഹാർബറിലേക്ക് മത്സ്യത്തൊഴിലാളികൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. കാൽനട യാത്ര പോലും കഴിയുന്നില്ല.

വർഷങ്ങളായി കടൽഭിത്തിയുടെ പുനർ നിർമാണം നടന്നിട്ട്. 40 വർഷം മുൻപാണ് കടൽഭിത്തി നിർമിച്ചത്. ഓരോ കാലവർഷത്തിലും ഭിത്തി താഴ്ന്നു പോവുകയാണ്. പല സ്ഥലത്തും കടൽ ഭിത്തി പൂർണമായും ഇല്ലാതായി. 530 മീറ്റർ കടൽ ഭിത്തിയാണ് പുതുക്കി പണിയാനുള്ളത്. കടൽ തീരവും മത്സ്യ തൊഴിലാളി കുടുംബങ്ങളെയും സംരക്ഷിക്കാൻ കടൽ ഭിത്തിയുടെ നിർമാണം എത്രയും വേഗം ആരംഭിക്കണമെന്ന് കുരിയാടി തീര സംരക്ഷണ സമിതി ചെയർമാൻ പി.അശോകൻ ആവശ്യപ്പെട്ടു. ചോറോട് പഞ്ചായത്തിലെ 17–ാം വാർഡും വടകര നഗരസഭയിലെ ഒന്നാം വാർഡും ഉൾക്കൊള്ളുന്ന കുരിയാടിയിൽ കടൽ ഭിത്തി ഇല്ലാത്ത സ്ഥിതിയാണ്. സമീപത്തെ ക്ഷേത്രം ഉൾപ്പെടെ 20 വീടുകൾ ഭീഷണിയിലാണ്. തീരദേശ റോഡ് 3 വർഷമായി തകർന്നു കിടക്കുന്നു.

കടലിൽ നിന്ന് അടിച്ചു കയറുന്ന മണലും മറ്റ് വസ്തുക്കളും റോഡിൽ ചിതറി കിടക്കുകയാണ്. ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ വാഹനങ്ങൾ കുരിയാടി വഴിയാണ് പോകാറുള്ളത്. റോഡ് തകർന്നതിനാൽ അതിന് കഴിയാത്ത സ്ഥിതിയായി. 50, 100 മീറ്ററുകളിൽ മാത്രമാണ് കടൽഭിത്തിയുടെ നിർമാണം നടത്തുന്നത്. കർക്കടകത്തിൽ കടലാക്രമണം രൂക്ഷമാകുമ്പോൾ അവശേഷിക്കുന്ന ഭിത്തിയും തകരാൻ സാധ്യതയുണ്ട്. കടലാക്രമണ സമയത്ത് ആളുകളെ മാറ്റി താമസിപ്പിക്കാൻ ചോറോട് പഞ്ചായത്തിൽ ഷെൽട്ടർ പോലുമില്ല.

പുലിമുട്ട് പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കടലാക്രമണം തടയാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും തീരപ്രദേശത്തെ സുരക്ഷ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട് കുരിയാടി തീര സംരക്ഷണ സമിതി നാളെ രാവിലെ 10 ന് ആർഡിഒ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് നഗരസഭ കൗൺസിലർ ടി.പി.സുരക്ഷിത, ചോറോട് പഞ്ചായത്ത് മെംബർ സി.പി.പ്രിയങ്ക എന്നിവർ അറിയിച്ചു. മാർച്ച് ചോറോട് പഞ്ചായത്തിലെ 18–ാം വാർഡിൽ നിന്ന് ആരംഭിക്കും.

Related Articles

Leave a Reply

Back to top button