
വടകര : ബസ് യാത്രയ്ക്കിടെ കുട്ടി അബോധാവസ്ഥയിലായപ്പോൾ ബസ് ആംബുലൻസ് പോലെ കുതിച്ച് ആശുപത്രിയിലെത്തി. വടകര-കൊയിലാണ്ടി റൂട്ടിലെ നീതു ബസാണ് തക്കസമയത്ത് കുട്ടിയെ വടകര സഹകരണ ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
വടകരയിൽനിന്ന് കൊയിലാണ്ടിയിലേക്ക് പോകുന്നതിനിടെ കോട്ടക്കടവിൽ എത്തിയപ്പോഴാണ് സംഭവം. ഇത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ശ്രീരാഗ് ഉടൻ ഡ്രൈവർ നിഖിലിനോട് വിവരം പറഞ്ഞു. നിഖിൽ പെട്ടെന്നുതന്നെ ബസ് സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രി എമർജൻസി വിഭാഗം തലവൻ ഡോ. ഡെൽസൺ ഡേവിസൺ, പീഡിയാട്രീഷൻ ഡോ. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടിക്ക് ചികിത്സ നൽകി. ഉടൻതന്നെ ആരോഗ്യനില വീണ്ടെടുത്തു. അപസ്മാരത്തെത്തുടർന്നാണ് കുട്ടിയുടെ ബോധംപോയത്.





