Kozhikode

ട്രാക്കിലെ മിന്നൽതാരം ദേവനന്ദയ്ക്ക് സ്വപ്നസാഫല്യം; വീടിന് തറക്കല്ലിട്ടു

Please complete the required fields.




പേരാമ്പ്ര : സ്കൂൾ കായികമേളയിൽ ട്രാക്കിലെ ഇരട്ടസ്വർണജേതാവ് വാല്യക്കോട് മമ്മിളിക്കുളത്തെ ദേവനന്ദയ്ക്ക് സ്വപ്നസാഫല്യമായി വീട് നിർമാണത്തിന് തുടക്കമായി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വീടിന്റെ തറക്കല്ലിടൽ നിർവഹിച്ചു. കായികമേളയിൽ ദേവനന്ദയുടെ കഥയറിഞ്ഞയുടനെ മന്ത്രി സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് അധികൃതരോട് വീടൊരുക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതുപ്രകാരം സ്‌കൗട്ട് ആൻഡ്‌ ഗൈഡ്‌സിന്റെ നേതൃത്വത്തിലാണ് വീടൊരുക്കുന്നത്.

മന്ത്രി നാട്ടിലെത്തുമ്പോൾ അപ്പന്റിക്സ് ശസ്ത്രക്രിയ കഴിഞ്ഞ് പത്തനംതിട്ടയിൽ ആശുപത്രിയിൽ കഴിയുകയായിരുന്നു ദേവനന്ദ. വീഡിയോകോളിൽ ദേവനന്ദയെ വിളിച്ച് മന്ത്രി വീടൊരുക്കുന്നതിന്റെ സന്തോഷം പങ്കിട്ടു. വയറുവേദനയെ തുടർന്ന് അപ്പന്റിക്സ് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദേശിച്ചശേഷമാണ് ദേവനന്ദ ഇത്തവണ കായികമേളയിൽ പങ്കെടുക്കുന്നത്. വേദനയ്ക്കിടയിലും മിന്നുംപ്രകടനം കാഴ്ചവെക്കാനായി.
സംസ്ഥാന സ്കൂൾ കായികമേളയിൽ 200, 100 മീറ്ററിലാണ് പുല്ലൂരാമ്പാറ സെയ്ന്റ് ജോസഫ് എച്ച്എസ്എസിലെ ദേവനന്ദ വി. ബിജു സ്വർണം നേടിയത്. 200 മീറ്ററിൽ മീറ്റ് റെക്കാഡായിരുന്നു. ബാർബറായ കൊട്ടിലോട്ടുമ്മൽ ബിജുവിന്റെയും വിജിതയുടെയും മകളാണ് ദേവനന്ദ. തകർന്നുവീഴാറായ ഓടിട്ടവീട്ടിലാണ് ഇവരുടെ താമസം. ചോർച്ചയെത്തുടർന്ന് ഷീറ്റിട്ട് മറച്ചിരിക്കുകയാണ്.

ഒമ്പതര സെന്റ് സ്ഥലമാണുള്ളത്. ഉയരത്തിലുള്ള ഈ സ്ഥലം പുതിയ വീട് നിർമാണത്തിന് അനുയോജ്യമല്ലാത്തതിനെത്തുടർന്ന് സമീപത്തുതന്നെയുള്ള കൊട്ടിലോട്ട് ശ്രീധരൻ മാസ്റ്റർ അഞ്ചുസെന്റ് സ്ഥലം സൗജന്യമായി നൽകുകയായിരുന്നു. അദ്ദേഹത്തെയും മന്ത്രി തറക്കല്ലിടൽ ചടങ്ങിൽ ആദരിച്ചു.

ടി.പി. രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് സംസ്ഥാന സെക്രട്ടറി എൻ.കെ. പ്രഭാകരൻ, സംസ്ഥാന കമ്മിഷണർ ബാലചന്ദ്രൻ പാറച്ചോട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ശാരദ, താമരശ്ശേരി ഡിഇഒ കെ.കെ. സുബൈർ, പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺ ബിന്ദു അമ്പാളി, കെ.സി. ബാബുരാജ്, കെ.സി. ഗോപാലൻ, ശശികുമാർ അമ്പാളി, എം.ടി. ഹമീദ്, കെ.എം. രാഗേഷ് തുടങ്ങിയവർ സംസാരിച്ചു. ഭവനനിർമാണകമ്മിറ്റിയും രൂപവത്കരിച്ചു.

Related Articles

Back to top button