Kannur

തളിപ്പറമ്പ് താലൂക്ക് ഓഫീസ്‌ കെട്ടിടം: ചരിത്രസ്മാരകമാക്കും

Please complete the required fields.




തളിപ്പറമ്പ് : നൂറ്റാണ്ട് പിന്നിട്ട തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടം ചരിത്രസ്മാരകമാക്കാനുള്ള നീക്കങ്ങളാരംഭിച്ചു. മന്ത്രി എം.വി.ഗോവിന്ദൻ മുൻകൈയെടുത്താണ് നടപടികൾക്ക് തുടക്കമിട്ടത്. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ കണ്ണൂർ കളക്ടറേറ്റിൽ മന്ത്രി, കളക്ടർ, തളിപ്പറമ്പ് ആർ.ഡി.ഒ. എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി. താലൂക്ക് ഓഫീസ് കെട്ടിടം നവീകരണപ്രവൃത്തികൾക്ക് ആദ്യ ഗഡുവായി 55 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.

1910-ൽ നിർമിച്ചതാണ് തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടം. പൂർണമായും കല്ലും മരവും ഉപയോഗിച്ച് പണിത ഓടിട്ട കെട്ടിടത്തിന് പറയാൻ ഒട്ടേറെ കഥകളുണ്ട്. ആദ്യകാലത്ത് തളിപ്പറമ്പ് പോലീസ് സ്റ്റേഷനും ലോക്കപ്പ് മുറികളും ഇവിടെയായിരുന്നു. സെല്ലുകളിൽ കഴിഞ്ഞവർ നിരവധി. അഞ്ച് മീറ്ററോളം ഉയരമുള്ള കിളിവാതിലുകൾ പോലുമില്ലാത്ത രണ്ട് സ്പെഷ്യൽ സെല്ലുകളുൾപ്പെടെ പത്ത് ലോക്കപ്പ് മുറികളുള്ളതാണ് ഇന്നത്തെ താലൂക്ക് ഓഫീസ് കെട്ടിടം. വിസയില്ലാതെ കുടുങ്ങിയ പാകിസ്താൻ പൗരനും ഇവിടത്തെ സെല്ലിൽ കിടന്നിട്ടുണ്ട്. രാഷ്ട്രീയ കുറ്റവാളികൾ, വിവിധ കേസുകളിൽ അറസ്റ്റിലായി ദിവസങ്ങളോളം മർദനമേൽക്കേണ്ടിവന്നവരുടെ കഥകൾ ഇവിടത്തെ ചുമരുകൾ പറയും.

ഇരുമ്പഴികളുള്ള പ്രത്യേക പൂട്ടുകളോടെ പണിതതാണ് ഓരോ സെല്ലുകളുടെയും വാതിലുകൾ. 26 വർഷം മുൻപ് വരെ തളിപ്പറമ്പ് ഡിവൈ.എസ്.പി. ഓഫീസ് പ്രവർത്തിച്ചത് ഇവിടെ ലോക്കപ്പിനോട് ചേർന്ന മുറിയിലാണ്.

ഓടുമേഞ്ഞ താലൂക്ക് ഓഫീസ് കെട്ടിടം പഴമ നിലനർത്തിത്തന്നെ പുതുക്കിപ്പണിയാനാണ് പദ്ധതി. ഏതാനും വർഷങ്ങൾക്ക്‌ മുൻപ് കെട്ടിടത്തിൽ ചോർച്ചയുണ്ടായിരുന്നു. മേൽക്കൂരയിലെ കഴുക്കോലും മറ്റും അപകടകരമായ നിലയിലായപ്പോൾ ചില അറ്റകുറ്റപ്പണികളിലൂടെ ജീവനക്കാരുടെ ഭീതിയകറ്റുകയാണ് ചെയ്തത്. ഓടുകളുൾപ്പെടെ വീഴാറായി കെട്ടിടം ഇപ്പോഴും അപകടകരമായ സ്ഥിതിയിലാണുള്ളത്. 1957 ജനുവരി ഒന്നിന് കെ.തെയ്യുണ്ണി നായർ തഹസിൽദാരായി എത്തിയതാണ് രേഖകളിലുള്ളത്.

താലൂക്ക് ഓഫീസ് കെട്ടിടത്തോട് ചേർന്ന് പുതിയ റവന്യൂ ടവർ ഉടൻ നിർമിക്കാൻ തുടങ്ങുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. ശനിയാഴ്ച വൈകീട്ട് താലൂക്ക് ഓഫീസ് കെട്ടിടം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വില്ലേജ് ഓഫീസ്, പൊതുമരാമത്ത് ഓഫീസ് എന്നീ കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. താലൂക്ക് ഓഫീസിന്റെ ഇപ്പോഴത്തെ കവാടം മാറ്റി രണ്ട് പുതിയ കവാടങ്ങൾ നിർമിക്കും. 65 മീറ്ററിലുള്ള നാലു നില കെട്ടിടമാണ് നിർമിക്കുക. താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ പഴയ മുഖം അതുപോലെ നിലനിർത്തിയാണ് പുതുക്കിപ്പണിയുന്നത്. സെല്ലുകൾ ഉൾപ്പെടെ പുരാവസ്തു ഗവേഷകർക്ക് പഠിക്കാൻ ഉപകരിക്കും. ലൈബ്രറി സ്ഥാപിക്കും. ചരിത്രം തയ്യാറാക്കുന്നവർക്ക് ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കളക്ടർ ടി.വി.സുഭാഷ്, തളിപ്പറമ്പ് ആർ.ഡി.ഒ. ഇ.പി.മേഴ്‌സി എന്നിവരും മന്ത്രിയോടൊപ്പമെത്തിയിരുന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ജിഷകുമാരി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സി.സവിത എന്നിവരും സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Back to top button