
പേരാമ്പ്ര : ബസുകളിലെ നിയമലംഘനം തടയാനും ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താനും കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ സ്വകാര്യ, കെഎസ്ആർടിസി ബസുകളിൽ സംയുക്ത ഉദ്യോഗസ്ഥ പരിശോധന. പോലീസ്, മോട്ടോർവാഹനവകുപ്പ്, എക്സൈസ് ഉദ്യോഗസ്ഥർ സംയുക്തമായാണ് പേരാമ്പ്ര ബസ് സ്റ്റാൻഡിൽ പരിശോധന നടത്തിയത്.
പേരാമ്പ്രയിൽ ജൂലായ് മാസത്തിലുണ്ടായ വിദ്യാർഥിയുടെ ബസ്സപകട മരണത്തിന്റെ പശ്ചാത്തലത്തിൽ ആർഡിഒയുടെ സാന്നിധ്യത്തിൽ നടന്ന യോഗതീരുമാനപ്രകാരമാണ് തുടർപരിശോധന നടക്കുന്നത്. ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശവുമുണ്ടായിരുന്നു. അടുത്തിടെ ബസ് ഡ്രൈവർ എംഡിഎംഎയുമായി പിടിയിലായ സംഭവവും ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ഡ്രൈവർമാർ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധനയും നടന്നു. 40-ഓളം ബസുകളിൽ പരിശോധന നടത്തിയതിൽ 17 കേസുകളെടുത്തതായി അധികൃതർ അറിയിച്ചു.
19,000 രൂപ പിഴയുമീടാക്കി. എയർഹോൺ ഉപയോഗിക്കുന്നതായും സ്പീഡ് ഗവർണർ ഘടിപ്പിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. പേരാമ്പ്ര ജോ. ആർടിഒ ടി.എം. പ്രഗീഷ്, എംവിഐ എം.ജി. ഗിരീഷ്, എഎംവിഐമാരായ വി.പി. ശ്രീജേഷ്, പി.എ. ഷിനു, എം.വി. അഖിൽ, കെ.കെ. ജിതേഷ്, കെ. മണികണ്ഠൻ, കവിരാജ്, പേരാമ്പ്ര ഇൻസ്പെക്ടർ പി. ജംഷീദ്, എസ്‌ഐ സനാദ് എൻ. പ്രദീപ്, എഎസ്‌ഐ ടി.പി. രാജേഷ്, എക്സൈസ് സിഐ അശ്വിൻകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജയരാജ്, ബാബു, ഷാജി എന്നിവർ നേതൃത്വംനൽകി. മോട്ടോർവാഹനവകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു.





