
ഫറോക്ക് : നാടിനെ ചേർത്തുപിടിക്കുന്ന ഇവരെ നാടും ചേർത്തുപിടിക്കുകയാണ്. 2017-ലാണ് എട്ടുപേരെ ചേർത്ത് ഫറോക്ക് നഗരസഭയിൽ ഹരിതകർമസേനയ്ക്ക് തുടക്കമായത്. എന്നാൽ, ഈ യാത്രയിൽ ഇന്ന് നാല്പതുപേരുണ്ട്. ഇതിൽ മുപ്പത്തിയെട്ടുപേരും സ്ത്രീകൾ. നഗരസഭയുടെ കീഴിലുള്ള മുപ്പത്തിയെട്ട് ഡിവിഷനിലും ഇവരുടെ കരസ്പർശമുണ്ട്. നഗരസഭയുടെ ആഘോഷങ്ങൾക്ക് മുൻപും ശേഷവും ഇവരുടെ സാന്നിധ്യമുണ്ട്.
വീടുകളിലെ ചാക്കുകളിൽനിന്ന് മാലിന്യം വേർതിരിച്ച് ജീവിത ഗ്രാഫ് ഉയർത്തുമ്പോളും ഇവർക്ക് ഒറ്റ പ്രാർഥനമാത്രമേയുള്ളൂ സ്ഥിരവരുമാനവും ഇഎസ്ഐ പരിരക്ഷയും. മഴയത്തും വെയിലത്തും വിശ്രമമില്ലാതെ പോരാടുന്ന ഇവർക്ക് പലപ്പോഴും മല്ലിടേണ്ടിവരുന്നത് ആരോഗ്യപ്രശ്നങ്ങളോടാണ്. അതുകൊണ്ടുതന്നെയാണ്ട് ഈ ഹരിതകർമസേനക്കാർ ഒറ്റസ്വരത്തിൽ ആവശ്യപ്പെടുന്നത് ഇഎസ്ഐ പരിരക്ഷതന്നെയാണ്. ചിരിക്കുന്നതും ദേഷ്യപ്പെടുന്നതുമായ മുഖങ്ങൾ എന്നും കാണേണ്ടവരാണ് ഞങ്ങളെന്ന് ഹരിതകർമസേനയുടെ പ്രസിഡൻറ് വി. ഷൈജ പറയുന്നു.
എംബിബിഎസ്, ബിഎഡ്, ടിടിസി, നഴ്സിങ് എന്നീ മേഖലയിൽ പഠിക്കുന്ന കുട്ടികളും ഈ സേനാംഗങ്ങളുടെ മക്കളായിട്ടുണ്ട്. രാമനാട്ടുകര നഗരസഭയിൽ നാല്പതുപേരും കടലുണ്ടി ഗ്രാമപ്പഞ്ചായത്തിൽ ഇരുപത്തിയെട്ടുപേരുമാണ് നാടിന്റെ ശുചീകരണമലാഖമാരായിട്ടുള്ളത്. 2019-ലാണ് കടലുണ്ടിയിൽ ഹരിതകർമസേന ആരംഭിച്ചത്.





