Thiruvananthapuram

ഇന്ന് കേരളപ്പിറവി ദിനം, സംസ്ഥാനത്ത് അതിദാരിദ്ര്യത്തെ തുടച്ചുനീക്കിയെന്ന ചരിത്ര പ്രഖ്യാപനം ഇന്ന്

Please complete the required fields.




തിരുവനന്തപുരം: കേരളപ്പിറവിദിനമായ ശനിയാഴ്ച കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകും. ശനിയാഴ്ച ചേരുന്ന പ്രത്യേക നിയമസഭാസമ്മേളനത്തിൽ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. വൈകീട്ട് സെൻട്രൽ സ്റ്റേഡിയത്തിലാണ് പൊതുപ്രഖ്യാപനം.

ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സാമ്പത്തികവരവും കാലാകാലങ്ങളിലെ സർക്കാരുകളുടെ പ്രവർത്തനങ്ങളും കേരളത്തിന്റെ ജീവിതനിലവാരം ഉയർത്തുകയും ദാരിദ്ര്യത്തെ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. അതിദാരിദ്ര്യം പിന്നെയും പിന്തുടർന്നവരെയാണ് ഇപ്പോൾ മോചിപ്പിക്കുന്നത്. ഇതോടെ, ഐക്യരാഷ്ട്രസഭയുടെ ഒന്നും രണ്ടും സുസ്ഥിരവികസന ലക്ഷ്യങ്ങൾ (ദാരിദ്ര്യ നിർമാർജനവും വിശപ്പിൽനിന്നുള്ള മോചനവും) പൂർണമായി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമായി കേരളം മാറുമെന്ന് സർക്കാർ വിശദീകരിക്കുന്നു.

2021-ലാണ് അതിദാരിദ്ര്യമുക്തയജ്ഞം സർക്കാർ തുടങ്ങിയത്. സർവേയിലൂടെ അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങളിൽ 4445 പേർ അഞ്ചുകൊല്ലത്തിനിടെ മരിച്ചു. അലഞ്ഞുതിരിഞ്ഞുനടന്ന 231 കുടുംബങ്ങളെ കണ്ടെത്താനോ സഹായിക്കാനോ ആയില്ല. ഒന്നിലേറെ തദ്ദേശസ്ഥാപനങ്ങളിലെ പട്ടികയിൽപ്പെട്ട 47 നാടോടികളെ ഒരിടത്തുമാത്രം നിലനിർത്തി. ഇവരുൾപ്പെട്ട 4723 കുടുംബങ്ങളെ പട്ടികയിൽനിന്ന് താത്കാലികമായി ഒഴിവാക്കി.ബാക്കിയുള്ള 59,283 കുടുംബങ്ങളെയാണ് അതിദാരിദ്ര്യമുക്തരാക്കിയത്. ശനിയാഴ്ച വൈകീട്ട് നടക്കുന്ന പൊതുപ്രഖ്യാപനച്ചടങ്ങിൽ നടന്മാരായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരും മന്ത്രിമാരും പങ്കെടുക്കും.

Related Articles

Back to top button