Kozhikode

കോഴിക്കോട്ടെ ഫ്രഷ്‌കട്ട് പ്ലാന്റ് സമരം; പ്രതിഷേധമോ പൊതുപരിപാടികളോ പാടില്ല, ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടർ

Please complete the required fields.




കോഴിക്കോട്:താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫ്രഷ് കട്ട് പ്ലാന്റിനു 300 മീറ്റർ ചുറ്റളവിലും ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും അമ്പായത്തോട് ജങ്ഷനിൽ 100 മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പ്ലാന്റ് തുറക്കുകയാണെങ്കിൽ സമരം തുടങ്ങും എന്ന പ്രദേശവാസികളുടെ പ്രഖ്യാപനത്തെ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്ലാന്റ് തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നു. ഇന്ന് തുറക്കാൻ തീരുമാനിച്ചെങ്കിലും സാധിച്ചില്ല.

അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് കർശന ഉപാധികളോടെ തുറന്നു പ്രവർത്തിക്കാൻ ഫ്രഷ് കട്ടിനു കഴിഞ്ഞ ദിവസമാണ് ജില്ലാ ഭരണകൂടം അനുമതി നൽകിയത്. എന്നാൽ പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയാലേ തുറക്കു എന്നാണ് കമ്പനി പറയുന്നത്. ഫാക്ടറി തുറന്നാൽ വീണ്ടും സമരം തുടങ്ങുമെന്ന് സമരസമിതി വ്യക്തമാക്കി. ഫാക്ടറി പൂട്ടും വരെ സമരത്തിൽ നിന്നു പിൻമാറില്ലെന്നും സമിതി അറിയിച്ചു.ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി യോ​ഗം ചേർന്നാണ് പ്രവർത്തിക്കാൻ അനുമതി നൽകിയത്. ശുചിത്വമിഷന്‍ പ്രതിനിധികള്‍ പ്ലാന്റില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.അതേസമയം, ഫ്രഷ് കട്ട് തുറക്കാനുള്ള തീരമാനത്തിനെതിരെ നാളെ മുതല്‍ മാലിന്യ സംസംസ്‌കണ പ്ലാന്റില്‍ സമരം തുടങ്ങുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ വികാരം മനസിലാക്കാതെയാണ് കലക്ടര്‍ പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

പ്രതിദിന മാലിന്യ സംസ്‌ക്കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറയ്ക്കും. ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകിട്ട് ആറു മുതല്‍ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. പഴകിയ അറവു മാലിന്യങ്ങള്‍ കൊണ്ടുവരുന്നത് പൂര്‍ണമായി നിര്‍ത്തിവയ്ക്കും. പുതിയ മാലിന്യങ്ങള്‍ മാത്രം സംസ്‌ക്കരിക്കാനാണ് നിര്‍ദ്ദേശം. പ്ലാന്റിലേക്കു മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളുടെ കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറണമെന്നും കലക്ടര്‍ അറിയിച്ചു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്‍ പ്രതിനിധികള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും. നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പ്ലാന്റിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്ലാന്റിൽ നിന്നുള്ള രൂക്ഷമായ ദുർഗന്ധം കാരണം പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകളും, മാലിന്യ സംസ്കരണത്തിൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും (പ്രത്യേകിച്ച് ഇരുതുള്ളിപ്പുഴയിലെ മലിനീകരണം) ആണ് സമരത്തിന്റെ പ്രധാന കാരണം.

2019-ൽ പ്രവർത്തനം ആരംഭിച്ചതു മുതൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. 2025 ഒക്ടോബർ 21-ന് പ്ലാന്റിനെതിരായ പ്രതിഷേധം വലിയ സംഘർഷത്തിൽ കലാശിച്ചു. സമരക്കാർ പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവന്ന വാഹനങ്ങൾ തടയുകയും, തീയിടുകയും ചെയ്തു. ഈ സംഘർഷത്തിൽ റൂറൽ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ നിരവധി പോലീസുകാർക്കും നാട്ടുകാർക്കും പരിക്കേറ്റിരുന്നു.പ്ലാന്റ് പൂർണമായി അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് സമരസമിതി. വർഷങ്ങളായി അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമില്ലാതെ ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്ന നിലപാടിലാണ് നാട്ടുകാർ. താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി,കട്ടിപ്പാറ പഞ്ചായത്തുകൾ ഭരിക്കുന്നത് യുഡിഎഫാണ് .

ആറ് വർഷമായിട്ടും പ്രശ്നങ്ങൾ പരിഹരിക്കാൻ പഞ്ചായത്തുകൾക്ക് സാധിച്ചിട്ടില്ലെന്ന വസ്തുത നിലനിൽക്കുന്നുണ്ട്. തങ്ങൾ തുടക്കം മുതൽ സമരക്കാർക്കൊപ്പമായിരുന്നെന്നും സിപിഎം നിലപാടുകൾക്കെതിരായ വിധിയെഴുത്താവും തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തുക എന്നാണ് യുഡിഎഫ് പറയുന്നത്. ഫ്രഷ്കട്ട് വിഷയത്തിന്റെ മറവിൽ പഞ്ചായത്തുകളിലെ ഭരണ പരാജയം മറച്ചുവയ്ക്കാനുള്ള യുഡിഎഫ് ശ്രമം വിലപ്പോവില്ലെന്നാണ് സിപിഎം നിലപാട്. ഫ്രഷ് കട്ട് വിഷയം ആരും തെരഞ്ഞെടുപ്പിൽ ചർച്ചയാക്കില്ലെന്നും സിപിഎം പറയുന്നു.

Related Articles

Back to top button