
ഇന്ത്യയുമായി ഉടൻ വ്യാപാര കരാർ ഉണ്ടാക്കുമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദക്ഷിണ കൊറിയയിൽ ആപെക് സി ഇ ഒ-മാരുടെ യോഗത്തിൽ സംസാരിക്കവെയാണ് ട്രംപിന്റെ പരാമർശങ്ങൾ. മോദിയോട് തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും ട്രംപ് പറഞ്ഞു.ഇന്ത്യ- അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയ്ക്കുമേലുള്ള ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്നും 15 ശതമാനമായി കുറച്ചേക്കുമെന്നാണ് വിവരം. ഇന്ത്യയ്ക്കും പാകിസ്ഥാനും മേൽ 250 ശതമാനം തീരുവ ചുമത്തുമെന്ന് താക്കീത് നൽകിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചതെന്നും ട്രംപ് ആവർത്തിച്ചു.
“ഞാൻ ഇന്ത്യയുമായി ഒരു വ്യാപാര കരാർ ഉണ്ടാക്കുകയാണ്, പ്രധാനമന്ത്രി മോദിയോട് എനിക്ക് വലിയ ബഹുമാനവും സ്നേഹവുമുണ്ട്. ഞങ്ങൾക്ക് മികച്ച ബന്ധമുണ്ട്,” ട്രംപ് പറഞ്ഞു. ഈ ആഴ്ചയുടെ തുടക്കത്തിൽ, മോദിയെ “മഹത്തായ വ്യക്തി” എന്നും “മികച്ചസുഹൃത്ത്” എന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു.ദീർഘകാലാടിസ്ഥാനത്തിലാണ് ഇന്ത്യ തീരുമാനങ്ങളെടുക്കുക. സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കില്ല. തീരുവ ഏർപ്പെടുത്തിയാൽ എങ്ങനെ മറികടക്കാം എന്ന് പരിശോധിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കിയിരുന്നു. യുഎസും മറ്റ് രാജ്യങ്ങളും തമ്മിൽ പ്രഖ്യാപിച്ച മറ്റ് കരാറുകളെപ്പോലെ ഇന്ത്യ-യുഎസ് വ്യാപാര കരാറും ഒരു പരമ്പരാഗത സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടിഎ) ആയിരിക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.





