
മലപ്പുറം: കണ്ണമംഗലം കൊളപ്പുറം വിമാനത്താവളം റോഡിൽ കണ്ണമംഗലം തോട്ടശ്ശേരിയറയ്ക്കടുത്ത് ചെങ്ങാനി മുല്ലപ്പടിക്കു സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. പള്ളിക്കൽ ബസാറിനടുത്ത ജവാൻസ് നഗറിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ സജി നിവാസിൽ അത്തിപ്പറമ്പത്ത് സജീവ്കുമാറിന്റെ (സജി) മകന് ധനഞ്ജയ് (17) ആണ് മരിച്ചത്. കരിപ്പൂർ എയർപോർട്ട് സ്കൂളിലെ വിദ്യാർഥിയാണ് ധനഞ്ജയ്.
കൂടെയുണ്ടായിരുന്ന ഹാഷിം, ഷമീം, ഫഹദ് , ആദർശ് എന്നിവരെ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. അപകടത്തിന്റെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്നു. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.കൊണ്ടോട്ടിയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ധനഞ്ജയ് മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദർശിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും ഷമീമിനെ കോഴിക്കോട് കെഎംസിടിയിലേക്കും മാറ്റി. ഷെഗിജയാണ് ധനഞ്ജയിന്റെ അമ്മ. സഹോദരി: ദീക്ഷ (കുഞ്ഞാറ്റ).





