
നാദാപുരം : ബൈക്കപകടത്തിൽ മരിച്ച പേരോട് എംഐഎം ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് റിഷാലിന്റെ മയ്യത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നാദാപുരം വലിയ ജുമഅത്ത് പള്ളി ഖബറിസ്ഥാനിൽ ഖബറടക്കി.
കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നും പോസ്റ്റ്‌മോർട്ടത്തിനുശേഷം മയ്യത്ത് കല്ലിക്കണ്ടി ഒതുക്കലിൽ എത്തിച്ചു. തുടർന്ന് തൃപ്പങ്ങോട്ടൂരിലും അവിടെനിന്ന് പേരോട് തട്ടാറത്ത് പള്ളിക്ക് മുൻവശത്തെ മദ്രസയിലും പൊതുദർശനത്തിന് വെച്ചു. സ്ത്രീകളും കുട്ടികളുമടക്കം വൻജനാവലിയാണ് റിഷാലിനെ അവസാനമായി കാണാനെത്തിയത്.
എൻസിസി ആർമി വിങ് സർജനായ മുഹമ്മദ് റിഷാലിന് എൻസിസിയുടെ നേതൃത്വത്തിൽ അന്തിമോപചാരമർപ്പിച്ചു. എൻസിസി യുടെ പ്രവർത്തനങ്ങളിൽ ഏറെ മികവു തെളിയിച്ച റിഷാൽ കണ്ണൂരിലെ ട്രെയിനിങ് ക്യാമ്പിൽ ഫയറിങ് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, തൂണേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുധാസത്യൻ, മുസ്‌ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ്, ജനറൽ സെക്രട്ടറി എൻ.കെ. മൂസ, എംഐഎം മാനേജർ പി.ബി. കുഞ്ഞമ്മദ്ഹാജി, ജനറൽ സെക്രട്ടറി ടി.കെ. അബ്ബാസ്, പ്രിൻസിപ്പൽ ഏ.കെ. രഞ്ജിത്ത്, ഹെഡ്മാസ്റ്റർ കെ. അബ്ദുൽജലീൽ തുടങ്ങിയവർ അനുശോചനമറിയിച്ചു.കഴിഞ്ഞദിവസം കരിങ്ങാട്ടു മലയ്ക്കടുത്തെ വിനോദസഞ്ചാരകേന്ദ്രമായ ഉറിതുക്കി മലയിലുണ്ടായ ബൈക്കപകടത്തിലാണ് റിഷാൽ മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾ പരിക്കുകളോടെ ചികിത്സയിലാണ്.





