മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; നഴ്സറിയിൽ നിന്ന് വീട്ടിലേക്ക് പോകവേ ഓട്ടോയിൽ നിന്നും കുട്ടി റോഡിലേക്ക് തെറിച്ച് വീണു

കൽപ്പറ്റ: വയനാട്ടിൽ ഓട്ടോയിൽ നിന്നുവീണ കുഞ്ഞ് രക്ഷപെട്ടത് തലനാരിഴയ്ക്ക്. മൂപ്പൈനാട് റിപ്പൺ പുതുക്കാടിൽ ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് അപകടം. പുതുക്കാട് നഴ്സറിയിൽ നിന്ന് നെടുങ്കരണ വീട്ടിലേക്ക് പോകുമ്പോൾ ആണ് കുട്ടി ഓട്ടോയിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണത്. ഓട്ടോയിൽ നിന്ന് കുട്ടി വീണത് തെരുവുനായയുടെ മുൻപിലേക്കാണ്. കുട്ടിക്ക് അടുത്തേക്ക് നായ അടുക്കുന്നുണ്ടെകിലും സമീപത്തുണ്ടായിരുന്ന ആളുകൾ ഇടപെട്ടതോടെ കുട്ടി രക്ഷപെടുകയായിരുന്നു.
ഓട്ടോ വേഗത്തിൽ വരുന്നതും കുട്ടി പുറത്തേക്ക് വീഴുന്നതിന്‍റേയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പുതുക്കാട് ടൗണിൽ തെരുവനായ്ക്കൾക്കിടയിലേക്കാണ് കുട്ടി വീണത്. റോഡിലേക്ക് കുട്ടി വീണതറിയാതെ ഓട്ടോ മുന്നോട്ട് പോവുകയായിരുന്നു. പതിയെ കുട്ടി ഏഴുന്നേൽക്കുന്നതും കരയുന്ന കുട്ടിക്കടുത്തേക്ക് നാട്ടുകാർ ഓടിയെത്തുന്നതും വീഡിയോയിൽ കാണാം. തലയിടിച്ച് വീഴാത്തതിനാൽ വലിയ അപകടം ഒഴിവായി.




