
താമരശ്ശേരി : ഫ്രഷ്‌കട്ട് ഓർഗാനിക് പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കോഴിയറവുമാലിന്യ സംസ്കരണ പ്ലാന്റിനെതിരേ ചൊവ്വാഴ്ച രാവിലെമുതൽ ഫ്രഷ്‌കട്ട് വിരുദ്ധ ജനകീയ സമരസമിതി നടത്തിയ റോഡ് ഉപരോധം വൈകീട്ടുവരെ സമാധാനപരമായിരുന്നു.
സംഘർഷം മുൻകൂട്ടിക്കണ്ട് സമരസമിതി നേതാക്കളെ മുൻകൂർ തടങ്കലിൽവെക്കുന്നതിനായി പോലീസ് ചൊവ്വാഴ്ച പുലർച്ചെതന്നെ അവരുടെ വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു. താമരശ്ശേരി പഞ്ചായത്തംഗങ്ങളായ സംഷിദാ ഷാഫി, പി.എ. അനിൽകുമാർ, ഓമശ്ശേരി പഞ്ചായത്തംഗം എം. ഷീജ, കോടഞ്ചേരി പഞ്ചായത്തംഗം ചിന്നമ്മാ മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്ലാന്റിലേക്കുള്ള വഴിയിൽ റോഡ് ഉപരോധസമരം സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ ഫ്രഷ്‌കട്ടിലേക്കുള്ള റോഡിൽ ഇരുന്നും പ്രവേശനകവാടത്തിനുസമീപം അടുപ്പുകൂട്ടി ഭക്ഷണം പാകംചെയ്തുമായിരുന്നു സമരം. എന്നാൽ, പിന്നീട് വൈകീട്ട് നാലരയോടെയാണ് ഉപരോധസമരം അപ്രതീക്ഷിതമായി സംഘർഷത്തിനുവഴിമാറിയത്.
കോഴിക്കോട് റൂറൽ അഡീഷണൽ എസ്‌പി എ.പി. ചന്ദ്രൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി കെ.സി. സുഭാഷ് ബാബു, താമരശ്ശേരി ഡിവൈഎസ്‌പി പി. ചന്ദ്രമോഹൻ, പേരാമ്പ്ര ഡിവൈഎസ്‌പി എൻ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ താമരശ്ശേരി സബ്ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽനിന്നുള്ള പോലീസുദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിരുന്നു. വൈകീട്ട് നാലുമണിയോടെ എഎസ്‌പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് സമരസമിതി പ്രതിനിധികളുമായി ചർച്ചനടത്തി. രണ്ടുദിവസത്തിനകം പ്രശ്നപരിഹാരത്തിന് ചർച്ചയ്ക്കുശ്രമിക്കാമെന്നും പ്ലാന്റിന് സംരക്ഷണംനൽകണമെന്ന ഹൈക്കോടതി വിധി പാലിക്കേണ്ടതിനാൽ വാഹനം കടത്തിവിടാൻ അനുവദിക്കണമെന്നും പോലീസ് സമരക്കാരോട് ആവശ്യപ്പെട്ടു.





