
നാദാപുരം: തെരുവുനായകൾ കടിച്ചുകീറിയ ഗർഭിണിയായ പൂച്ചയ്ക്ക് ശസ്ത്രക്രിയയിലൂടെ പുനർജന്മം. പേരോട് എംഐഎം ഹയർസെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകൻ മംഗലാട്ട് തയ്യുള്ളതിൽ ഉബൈദാണ് മൃതപ്രാണനായ പൂച്ചയെ രക്ഷിച്ചത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് പൂച്ചയെ ആറ് തെരുവുനായകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റ് പൂച്ചയുടെ കുടൽ പുറത്തേക്കു ചാടി.
ബഹളംകേട്ട് സ്ഥലത്തെത്തിയ ഉബൈദും മക്കളും ഏറെ കഷ്ടപ്പെട്ടാണ് പൂച്ചയെ നായകളിൽനിന്ന് രക്ഷപ്പെടുത്തിയത്. പൂച്ചയെ ഉടൻ ആശുപത്രിയിലെത്തിക്കണമെന്ന നിർദേശം മകളായ ആറാംക്ലാസ് വിദ്യാർഥി ആയിഷ റുഷ്ദ മുൻപോട്ടുവെച്ചു.ഉടൻതന്നെ വീട്ടുകാർ വടകര സർക്കാർ മൃഗാശുപത്രിയിലെത്തിച്ചു. ദീപാവലി ദിവസമായതിനാൽ ഉച്ചയ്ക്കുശേഷം ഡോക്ടറുണ്ടായിരുന്നില്ല. തുടർന്ന് സമീപത്തുള്ള വടകര വെറ്റിലമുക്ക് വെറ്റ് എക്സൽ ക്ലിനിക്കിലേക്ക് എത്തിച്ചു.പൂച്ചയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി അധികൃതർ നിർദേശിക്കുകയും ഡോ. ഹരിദേവിന്റെയും ഡോ. ജിഷ്‌ണു മുസുവിന്റെയും നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. സ്കാനിങ് നടത്തിയപ്പോഴാണ് പൂച്ച ഗർഭണിയാണെന്നറിയുന്നത്. ശസ്ത്രക്രിയക്ക് 12,000 രൂപയാണ് ചെലവായത്. പൂച്ചയുടെ വിവരങ്ങൾ പറഞ്ഞതോടെ ചെലവുകളിൽ പകുതി ആശുപത്രി അധികൃതർ വഹിക്കാമെന്നറിയിച്ചു.
ശസ്ത്രക്രിയ കഴിഞ്ഞതിനാൽ നാലുദിവസം സാധാരണ ഭക്ഷണമൊന്നും നൽകാൻ പാടില്ല.അതിനാൽ, ആശുപത്രിയിലെത്തിച്ച് പൂച്ചയ്ക്ക് ഗ്ലൂക്കോസ് നൽകാനാണ് ഡോക്ടർമാരുടെ നിർദേശം.ഉബൈദും കുടുംബവും സ്കൂളിലേക്കു പോകുമ്പോൾ ബന്ധുവായ തയ്യുള്ളതിൽ മൊയ്തുവിന്റെ കൂടെയാണ് പലപ്പോഴും പൂച്ച ഉണ്ടാകാറുള്ളത്. പൂച്ചയ്ക്ക് ഗ്ലൂക്കോസ് നൽകുന്നതും പരിചരിക്കുന്നതും ഇപ്പോൾ മൊയ്തുവാണ്.





