
കൊല്ലം : കൊല്ലത്ത് കോൺഗ്രസ് നേതാവ് വൃദ്ധയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. കൊല്ലം ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ രഘുവിനെതിരെയാണ് പരാതി. പ്രതിയെ പിടികൂടാത്തതിന് പിന്നാലെ പ്രതിഷേധം ഉയരുകയാണ്. ശൂരനാട് പുലിക്കുളം സ്വദേശിനിയാണ് പരാതി നൽകിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. സമീപത്തെ വീട്ടിൽ ജോലിയ്ക്ക് പോയി തിരികെ വരുകയായിരുന്ന വ്യദ്ധയെ സ്കൂട്ടറിലെത്തിയ രഘു നിർബന്ധപൂർവ്വം വാഹനത്തിൽ കയറ്റി. തുടർന്ന് ലൈംഗിക ചുവയോടെ സംസാരിച്ചു. വൃദ്ധ ഇതിൽ പ്രതികരിച്ചതോടെ ഓടുന്ന വാഹനത്തിൽ നിന്ന് കൈമുട്ട് കൊണ്ട് ഇടിച്ചു താഴെയിടുകയായിരുന്നു.
മുഖത്തിൻ്റെ ഒരു ഭാഗത്ത് മർദ്ദനമേറ്റ ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. കോൺഗ്രസ് നേതാവിനെതിരെ ശൂരനാട് പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മകനും രോഗബാധിതരായ ഭർത്താവും സഹോദരിയുമാണ് വൃദ്ധയ്ക്കുള്ളത്.
ഇവർ വീട്ടുജോലിക്ക് പോയി ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ഈ കുടുംബം ജീവിച്ചു പോകുന്നത്. പരാതിക്കാരിയെ കൊണ്ട് കേസ് പിൻവലിപ്പിക്കാൻ കോൺഗ്രസ് പ്രാദേശിക നേതാക്കൾ തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും അവർ പിന്നോട്ടില്ല. പട്ടിക ജാതി ക്ഷേമ സമിതി ശൂരനാട് ഏര്യാ കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.





