
കോഴിക്കോട് : കാടിറങ്ങി നാട്ടിലെത്തി കർഷകർക്ക് കണ്ണീരായ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തു വീഴുന്നു. അപൂർവ്വ രോഗമെന്ന് സംശയം.
നാദാപുരം ചെക്യാട് ഗ്രാമപഞ്ചായത്തിലെ താനക്കോട്ടൂർ ഭാഗങ്ങളിലാണ് പന്നികളുടെ ജഡം കണ്ടെത്തിയത്. കാടുമൂടിയ പറമ്പുകളിലും ഇടവഴിയികളിലുമാണ് പന്നികൾ കൂട്ടത്തോടെ ചത്തു വീഴുന്നത്. ഇവയിൽ പലതിൻ്റെയും മൃതദേഹങ്ങൾ അഴുകിയ നിലയിലാണ് . പന്നികൾ ചത്ത് ചീഞ്ഞു നാറുമ്പോൾ മാത്രമാണ് ആളുകൾ അറിയുന്നത്.
പന്നികൾ ചാവുന്ന വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥർ താനക്കോട്ടൂരിൽ എത്തിയിരുന്നു. ഇതിനകം പത്തോളം ചത്ത പന്നികളുടെ ജഡങ്ങൾ കണ്ടെത്തിട്ടുണ്ട്. ഇവ നാട്ടുകാർ സ്വന്തം ചിലവിൽ കുഴിച്ചുമൂടുകയാണ്.





