
കോഴിക്കോട് : കളക്ടറേറ്റിനുമുന്നിൽ പകൽ പന്തംകൊളുത്തിയും കുഴികുത്തി കുമ്പിളിൽ കഞ്ഞിയൊഴിച്ചുകുടിച്ചും അധ്യാപകരുടെ പ്രതിഷേധം. ഭിന്നശേഷിനിയമനത്തിന്റെ പേരിൽ സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരേ വിവിധസംഘടനകൾ ചേർന്ന് നടത്തിയ കളക്ടറേറ്റ് ധർണയിലായിരുന്നു വേറിട്ടപ്രതിഷേധം.നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരും അഞ്ചുവർഷം ജോലിചെയ്തിട്ടും ശമ്പളംകിട്ടാതെ നോഷണലായി അംഗീകാരം ലഭിച്ച അധ്യാപകരും വ്യാജ ഭിന്നശേഷിക്കാരുടെ കടന്നുകയറ്റംമൂലം ജോലി ലഭിക്കാത്ത യഥാർഥ ഭിന്നശേഷിക്കാരുമൊക്കെയാണ് ധർണയ്ക്കെത്തിയത്.
കേരള എയ്ഡഡ് ടീച്ചേഴ്‌സ് കളക്ടീവ്, നോഷണൽ ടീച്ചേഴ്‌സ് കളക്ടീവ്, കെഎൻഎടിഎ എന്നീ സംഘടനകൾ ചേർന്നാണ് സംയുക്ത അധ്യാപക സമരസംഗമം സംഘടിപ്പിച്ചത്.
എം.കെ. രാഘവൻ എംപി ഉദ്ഘാടനംചെയ്തു. കെഎടിസി പ്രസിഡന്റ് ബിൻസിൻ ഏക്കാട്ടൂർ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ദേശീയസെക്രട്ടറി അബിൻ വർക്കി, ഡിഎപിഎൽ സംസ്ഥാനസെക്രട്ടറി അസീസ് നമ്പ്രത്തുകര, എൻടിസി പ്രസിഡന്റ് കെ.ടി. അബ്ദുൾ റഷീദ്, കെഎസ്‌യു ജില്ലാപ്രസിഡന്റ് വി.ടി. സൂരജ്, എബിവിപി ദേശീയ എക്സിക്യുട്ടീവ് അംഗം യദുകൃഷ്ണൻ, ഷജീർഖാൻ പയ്യാനം, ഹെൽന ഹാരൂൺ, ഷബീർ മലപ്പുറം, ജദീർ കൂളിമാട്, ശ്രീശാന്ത് മണിയൂർ, സുഗതകുമാരി, സക്കറിയ മലപ്പുറം, കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.





