
കോഴിക്കോട് : സ്പോർട്‌സ് ഭ്രാന്ത് തലയ്ക്ക് പിടിച്ച ഒരു അപ്പാർട്ട്‌മെന്റ്. അതാണ്, തൊണ്ടയാട് ബൈപ്പാസിൽ മേത്തോട്ട് താഴത്തിനടുത്തുള്ള ഹൈലൈറ്റ് മെട്രോമാക്സ്. താമസക്കാരിൽ മിക്കവരും ഏതെങ്കിലും ഒരു കായികയിനത്തിൽ കമ്പം കയറിയവർ. ഇവരുടെ അടങ്ങാത്ത സ്പോർട്‌സ് സ്നേഹത്തിന് തെളിവാണ് 15 വർഷമായി മുടങ്ങാതെ നടത്തുന്ന കായികമേള.
ഒരുമാസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ഇവർക്ക് സ്പോർട്‌സ് ഫെസ്റ്റ്. 272 ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്. അത്‌ലറ്റിക്സ് അടക്കം 22 ഇനം കായികമത്സരങ്ങളാണ് നടത്തുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേകം മത്സരങ്ങളുണ്ടാകും. 400-നും 500-നും ഇടയിൽ മത്സരാർഥികൾ പങ്കെടുക്കും.
റിലേ ഉൾപ്പെടെ അത്‌ലറ്റിക്സ് മത്സരങ്ങൾ, ക്രിക്കറ്റ്, ഫുട്‌ബോൾ, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, വോളിബോൾ, നീന്തൽ തുടങ്ങി ചെസ്സും കാരംസും റമ്മിയും വരെയുള്ള ഇനങ്ങളുണ്ടാകും. സ്പോർട്‌സിൽ അതീവ തത്പരരായ ഡോ. സിബി പുന്നൂസ്, ഡോ. രാജേഷ് സുഭാഷ്, കരുൺ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് 15 വർഷം മുൻപ് ഇങ്ങനെയൊരു കായികമേള തുടങ്ങിയത്. എല്ലാത്തിനും ഊർജം പകർന്ന് ഇവിടത്തെ താമസക്കാരായ, ക്രേസ് ബിസ്കറ്റിന്റെയും അസ്കോ ഗ്ലോബൽ കമ്പനിയുടെയും ചെയർമാൻ അബ്ദുൾ അസീസ് ചൊവ്വഞ്ചേരി, അമാന ടയോട്ട എംഡി അബ്ദുൾ ജബാർ, ബീക്കൺ സ്പോർട്‌സ് സിഇഒ പി.ടി. സഫീർ എന്നിവരുണ്ട്. ഡോ. മിഹിർ മോഹനാണ് സ്പോർട്സ് ഫെസ്റ്റിന്റെ ചീഫ് കോഡിനേറ്റർ. ഡോ. മുഹമ്മദ് ഇസ്മയിൽ അസോ. പ്രസിഡന്റും ബാബു പുറവൻകര സെക്രട്ടറിയുമാണ്. വെള്ളിയാഴ്ച വൈകീട്ട് തുടങ്ങിയ ഇത്തവണത്തെ കായികമേളയിൽ അർജന്റീനോസ് ജൂനിയേഴ്സ് യൂത്ത് കോച്ച് അലക്സാൻഡ്രോ ലിനോ, ലിഷ്ന എന്നിവർ മുഖ്യാതിഥിയായി.





