സാറേ.. എനിക്ക് ചോറ് വേണം, അല്ലേൽ അപ്പുറത്താക്കി താ’; ബി.ജെ.പി മാർച്ചിനിടെ വീട്ടിലേക്കുള്ള വഴി ബാരിക്കേഡ് വെച്ച് തടഞ്ഞ പോലീസുകാരോട് പരിഭവം പറഞ്ഞ് വിദ്യർത്ഥി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ക്ലിഫ് ഹൗസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിനിടെ ബാരിക്കേഡ് മൂലം വീട്ടിലേക്ക് പോകാനാകാതെ കുടുങ്ങിയ സ്കൂൾ വിദ്യാർഥി പൊലീസുകാരോട് പരിഭവം പങ്കിടുന്ന ദൃശ്യങ്ങൾ വൈറലായി. ‘സാറേ.. എനിക്ക് ചോറ് വേണം, അല്ലേൽ അപ്പുറത്താക്കി താ’ എന്നാണ് കുട്ടി പേട്ട എസ്.എച്ച്.ഒ വി.എം. ശ്രീകുമാറിനോട് പറയുന്നത്.
ബാരിക്കേഡ് സ്ഥാപിച്ചതിനപ്പുറത്താണ് തന്റെ വീടെന്നും അവിടേക്കാണ് പോകേണ്ടതെന്നും കുട്ടി പറഞ്ഞെങ്കിലും വഴി തുറന്നുനൽകാൻ പൊലീസുകാർ തയാറായില്ല. മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ബി.ജെ.പി പ്രതിഷേധത്തെ തുടർന്ന് ദേവസ്വം ബോർഡ് ജങ്ഷനിൽ ക്ലിഫ് ഹൗസിലേക്ക് തിരിയുന്ന റോഡിൽ ആർക്കും കടക്കാനാവാത്ത വിധത്തിൽ ബാരിക്കേഡ് കെട്ടി സുരക്ഷ ശക്തമാക്കിയിരുന്നു. ഇതോടെ കുട്ടി സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ വഴിയിൽ കുടുങ്ങുകയായിരുന്നു. വിശന്ന ബാലൻ, ചോറ് വേണമെന്നും വീട്ടിൽ പോകാൻ വിടണമെന്നുമൊക്കെ പറഞ്ഞെങ്കിലും ആവശ്യം പരിഗണിക്കാൻ പൊലീസുകാർ കൂട്ടാക്കിയില്ല.കുറെനേരം ബാരിക്കേഡിനടുത്ത് തന്നെ നിന്ന കുട്ടി പിന്നീട് തണലത്തേക്ക് മാറിനിൽക്കുന്നതും പൊലീസ് ഉദ്യോഗസ്ഥ ആശ്വസിപ്പിക്കാൻ വിളിച്ചുകൊണ്ടുപോകുന്നതും ചൂടേറ്റ് തളർന്ന കുട്ടി തന്റെ കുപ്പിയിലെ വെള്ളം മുഖത്തേക്ക് ഒഴിക്കുന്നതുമൊക്കെ ഫോട്ടോകളിലും വീഡിയോയിലുമുണ്ട്.





