കോഴിക്കോട് ബേപ്പൂരിൽ വീട്ടിൽ വൻ കവർച്ച; ലോക്കറിൽ സൂക്ഷിച്ചിരുന്ന 36 പവന്‍ സ്വര്‍ണം നഷ്ടമായി

കോഴിക്കോട്: ബേപ്പൂരിൽ നടുവട്ടം സ്വദേശിയുടെ വീട്ടിൽ വൻ കവർച്ച. 36 പവൻ സ്വർണം നഷ്ടമായതായി പരാതി. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. ഹൈദരാബാദ് സ്വദേശിയായ സുഹൃത്ത് ഇവരുടെ വീട്ടിൽ താമസിച്ചിരുന്നു. ഇവരാണ് മോഷണം നടത്തിയതെന്നാണ് വീട്ടുകാരുടെ സംശയം. വിഷയത്തിൽ കേസെടുത്ത് ബേപ്പൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ സ്വർണമോതിരം ആശുപത്രി ജീവനക്കാരൻ മോഷ്ടിച്ചതായി പരാതി. തലശ്ശേരി ടെംപിൾഗേറ്റിന് സമീപത്ത് താമസിക്കുന്ന യുവതിയുടെ പരാതിയിൽ തലശ്ശേരി ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
കഴിഞ്ഞ മാസം ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതിയുടെ പിതാവ് മരണമടഞ്ഞിരുന്നു. എന്നാൽ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോകുന്നതിന് മുൻപ് യുവതി പിതാവിൻ്റെ കൈവിരലിലുള്ള ഒരു പവൻ്റെ സ്വർണമോതിരം കാണാതായെന്നാണ് പരാതി.അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരൻ ഇതെടുത്തുവെന്നാണ് പരാതി. പരാതിക്കാസ്പദമായ ദിവസത്തെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലിസ് അറിയിച്ചു.





