
നാദാപുരം: ഇന്നലെ രാവിലെ മഴയ്ക്കിടയിൽ ആഞ്ഞു വീശിയ കാറ്റ് പലയിടങ്ങളിലും നഷ്ടം വിതച്ചു. മരങ്ങൾ വീണാണ് ഏറെയും നഷ്ടം. പുറമേരി സഹകരണ ബാങ്കിനു സമീപത്തെ വേളോളി വിജയന്റെ കാറിനു മുകളിൽ തെങ്ങു വീണു. അരൂർ ഹരിത വയലിൽ ജലനിധി പമ്പ് ഹൗസ് തെങ്ങു വീണു തകർന്നു. എടച്ചേരി കച്ചേരിയിൽ വണ്ണാത്തിക്കണ്ടി മാതയുടെ വീടിനു മുകളിലേക്കു മരം വീണു കനത്ത നഷ്ടമുണ്ടായി. ചെക്യാട്, വളയം പഞ്ചായത്തുകളിൽ പെടുന്ന അഭയഗിരിയിൽ 2 വീടുകൾക്ക് കാറ്റിൽ കനത്ത നഷ്ടമുണ്ട്. മൂന്നുപുരയിൽ ചന്ദ്രൻ, തടിക്കൽ ജോസഫ് എന്നിവരുടെ വീടുകളുടെ മേൽക്കൂരയാണ് കാറ്റിൽ പറന്നു പോയത്.
രാജന്റെ വീടിന്റെ ഷീറ്റിട്ട ഭാഗത്തു നിന്നു ഷീറ്റുകൾ കാറ്റിൽ പറന്ന് ഓടിട്ട ഭാഗത്തു ചെന്നാണ് പതിച്ചത്. ഓടുകളും ഷീറ്റും തകർന്നു. വളയം പഞ്ചായത്തിൽ ജോസഫിന്റെ വീടിന്റെ ഷീറ്റിട്ട മേൽപുര മുഴുവൻ കാറ്റിൽ പറന്നു പോയി. ഭിന്ന ശേഷിക്കാരി അടക്കമുള്ളവർ താമസിക്കുന്ന ഈ വീട്ടിലേക്ക് മഴ വെള്ളമെത്തുന്നതു തടയാൻ നാട്ടുകാർ ടാർ പോളിൻ കൊണ്ടു മൂടി. അഭയഗിരി, കണ്ടിവാതുക്കൽ മേഖലയിൽ വ്യാപകമായി കൃഷി നശിച്ചു. നാദാപുരം, ചാലപ്രം, കുയ്തേരി, ആവോലം, കുമ്മങ്കോട് എന്നിവിടങ്ങളിൽ മരങ്ങൾ വൈദ്യുതി ലൈനുകളിലേക്ക് വീണു വൈദ്യുതി വിതരണം താറുമാറായി. മഴക്കിടയിലും ലൈനുകൾ നേരെയാക്കാനുള്ള ശ്രമം തുടരുകയാണ്.





