
കോഴിക്കോട് : കൊടുവള്ളി നഗരസഭയിലെ കളരാന്തിരിയിൽ വീണ്ടും കാട്ടുപന്നി ആക്രമണം. ബുധനാഴ്ച രാവിലെ ഏഴരയോടെ നഗരസഭയിലെ കളരാന്തിരി ചാത്തരുകണ്ടി വട്ടോത്ത് പുറായിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പടിപ്പുരക്കൽ മുഹമ്മദിന് (65) സാരമായി പരിക്കേറ്റു.
രാവിലെ റോഡിലൂടെ നടക്കുന്നതിനിടെ കാട്ടുപന്നി കുതിച്ചെത്തി മുഹമ്മദിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മുഖത്തും തോളെല്ലിനും പരിക്കേറ്റ മുഹമ്മദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതേസ്ഥലത്ത് തിങ്കളാഴ്ച രാത്രി എട്ടോടെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന അമ്മയ്ക്കും മകൾക്കും പരിക്കേറ്റിരുന്നു. പട്ടിണിക്കര കൈതക്കുന്നുമ്മൽ ബിൻസി (35), മകൾ സോണിമ (13) എന്നിവർക്കായിരുന്നു പരിക്കേറ്റത്. കളരാന്തിരിയിൽ ഹോം ട്യൂഷൻ കഴിഞ്ഞ് മകളെയുംകൂട്ടി വീട്ടിലേക്കുവരുന്നതിനിടെ കാട്ടുപന്നി ഇവർ സഞ്ചരിച്ച സ്കൂട്ടറിലേക്ക് ചാടിവീഴുകയായിരുന്നു. ആക്രമണത്തിൽ കൈക്കും കാലിനും പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്. കാട്ടുപന്നിശല്യം കാരണം നഗരസഭയിലെ പലസ്ഥലങ്ങളിലും കൃഷിചെയ്യാൻപോലും സാധിക്കാത്ത അവസ്ഥയാണ്.
വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നതുകാരണം പലരും കൃഷിചെയ്യാൻ മടിക്കുകയാണ്. പന്നിശല്യംകാരണം സ്വന്തം പുരയിടത്തിൽ കപ്പക്കൃഷിപോലും ചെയ്യാൻസാധിക്കാത്ത അവസ്ഥയിലാണ് നാട്ടുകാർ. പന്നികളെ തുരത്താൻ നഗരസഭ അടിയന്തരമായി നടപടിസ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.





