തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ഡൗണ്‍ ഇന്നും നാളെയും തുടരും. കർശന നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ തുടരുന്നത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് ശനി, ഞായർ ദിവസങ്ങളിലെ ലോക്ഡൗണ്‍ തുടരാൻ സർക്കാർ തീരുമാനിച്ചത്. ഇന്നും നാളെയും സംസ്ഥാനത്ത് അവശ്യ സേവനങ്ങൾ മാത്രമെ അനുവദിക്കുകയുള്ളു. പൊതുഗതാഗതത്തിന് അനുമതി ഉണ്ടാകില്ല.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കും. സുരക്ഷാ പരിശോധനകള്‍ക്കായി കൂടുതല്‍ പോലീസുകാരെയും വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷണ സാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കാം. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ വീടുകളില്‍ നിന്നും ഒരാള്‍ക്ക് പുറത്ത് പോകാം. ആശുപത്രി ആവശ്യങ്ങള്‍ക്കും അവശ്യ സര്‍വ്വീസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മറ്റു വിഭാഗത്തില്‍ പെട്ടവര്‍ക്കും മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ.
ഇന്നും നാളെയും കെ എസ് ആര്‍ ടി സി പൊതുജനങ്ങൾക്കായി സർവീസ് നടത്തുകയില്ല. അതേസമയം അവശ്യവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വ്വീസ് തുടരും. ഹോട്ടലുകളില്‍ ടേക്ക് എവെ അനുവദിക്കില്ല, അതേസമയം, ഹോം ഡെലിവറിക്ക് അനുമതിയുണ്ട്. ചായക്കടകള്‍ തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. അനാവശ്യ യാത്രകള്‍ പാടില്ല. പ്രഭാത, സായാഹ്ന സവാരികള്‍ അനുവദിക്കില്ല. ബിവറേജസ് ഔട്ട് ലെറ്റുകള്‍, ബാറുകള്‍ എന്നിവ തുറക്കില്ല.
അതിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയും വച്ച് പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതല്‍ പേരും വയസും സ്ഥലവും വച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ നാളെ മുതല്‍ ഇത് പ്രസിദ്ധീകരിക്കും. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന് യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. 2020 ഡിസംബറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധികരിക്കുന്നത് അവസാനിപ്പിച്ചത്.