Kozhikode

താമരശ്ശേരിയിൽ വീട്ടിൽസൂക്ഷിച്ച ഒരുകിലോ കഞ്ചാവ് പിടികൂടി

Please complete the required fields.




താമരശ്ശേരി : താമരശ്ശേരിയിലെ പരപ്പൻപൊയിലിൽ വിൽപ്പനയ്ക്കായി വീട്ടിൽസൂക്ഷിച്ച ഒരുകിലോയോളംവരുന്ന കഞ്ചാവ് പോലീസ് പിടികൂടി. കോഴിക്കോട് റൂറൽ എസ്‌പി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പരപ്പൻപൊയിൽ തെക്കേപുരയിൽ സജീഷ് കുമാറിന്റെ വീട്ടിൽ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്. പോലീസെത്തുന്നതിന് മുൻപുതന്നെ പുറത്തുപോയിരുന്ന സജീഷ് കുമാർ ഒളിവിലാണ്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ മുപ്പതിനായിരം രൂപ വിലവരും.

വയനാട്ടിൽനിന്നും എത്തിക്കുന്ന കഞ്ചാവ് വീട്ടിൽവെച്ച് പാക്കറ്റുകളിലാക്കി കോഴിക്കോട് ജില്ലയിലെ വിതരണക്കാർക്ക് എത്തിച്ച് നൽകുകയാണ് ചെയ്തുവന്നിരുന്നത്. സജീഷ് കുമാറിന്റെ സഹോദരൻ സനീഷ് കുമാർ, ഭാര്യ റെജീന എന്ന പുഷ്പ എന്നിവർ നേരത്തെ കൈതപ്പൊയിലിലെ വാടകവീട്ടിൽ നിന്ന് എംഡിഎംഎ കണ്ടെടുത്ത കേസിൽ പിടിയിലായി ജയിലിൽ കഴിയുകയാണെന്ന് പോലീസ് അറിയിച്ചു. സജീഷിന്റെ വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടന്ന് വരുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്പെഷ്യൽ സ്ക്വാഡ് കഞ്ചാവ് പിടികൂടുന്നത്.

താമരശ്ശേരി എസ്‌ഐ അൻവർഷാ, സ്പെഷ്യൽ സ്ക്വാഡ് എസ്‌ഐ മാരായ രാജീവ്ബാബു, ബിജു പൂക്കോട്ട്, എഎസ്‌ഐ എ.ടി. ശ്രീജ, എസ്‌സിപിഓമാരായ എൻ.എം. ജയരാജൻ, പി.പി. ജിനീഷ്, എൻ.എം. ഷാഫി, ടി.കെ. ശോഭിത്, സി.പി. പ്രവീൺ, സി.കെ. ശ്രീജിത്ത്, വി. സീന എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Related Articles

Back to top button