
കോഴിക്കോട് : കോഴിക്കോട് വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 5.81 കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് പിടിച്ചെടുത്തു. 4.18 കോടി രൂപ വിലവരുന്ന സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഷാർജയിൽനിന്നെത്തിയ മലപ്പുറം പറമ്പിൽപ്പീടിക സ്വദേശിയിൽനിന്ന് 1100 ഗ്രാം സ്വർണം പിടികൂടി.
78.82 ലക്ഷം രൂപ വിലവരുന്നതാണ് സ്വർണം. റിയാദിൽനിന്നെത്തിയ മലപ്പുറം പൂക്കോട്ടുമന്ന സ്വദേശിയിൽനിന്ന് 84.33 ലക്ഷം രൂപ വിലവരുന്ന 1177ഗ്രാം സ്വർണവും അബുദാബിയിൽനിന്നെത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശിയിൽനിന്ന് 77.45 രൂപ വിലവരുന്ന 1081കിലോഗ്രാം സ്വർണവും ബഹ്റൈനിൽനിന്നെത്തിയ കോഴിക്കോട് സ്വദേശിയിൽനിന്ന് 73.56 ലക്ഷംരൂപ വിലയുള്ള 1026 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.
ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിച്ചുവെച്ചാണ് നാലുപേരും സ്വർണം കൊണ്ടുവന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ മറ്റൊരു പരിശോധനയിൽ ദുബായിൽനിന്നെത്തിയ ആറ് യാത്രക്കാരിൽനിന്നായി 1.42 കിലോഗ്രാം സ്വർണം പിടികൂടി. അടിവസ്ത്രത്തിലും പാന്റ്സ്, സോക്സ് എന്നിവയിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. സ്വർണമാലയും സ്വർണനാണയവുമാണ് പിടിച്ചെടുത്തത്. സ്വർണത്തിന് 1.4 കോടി രൂപ വില വരും.





