ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് തീപടർന്നു; യുവതിയും കുട്ടിയും രക്ഷപ്പെട്ടത് അത്ഭുതകരമായി
തിരൂര്‍ : ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് തീപടർന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ തിരൂർ പൂക്കയിലിലാണ് സംഭവം.തീപടർന്ന സ്കൂട്ടറിലുണ്ടായിരുന്ന യുവതിയും കുട്ടിയും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്കൂളില്‍നിന്ന് കുട്ടിയെ വിളിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം.
ഒഴൂർ സ്വദേശിയായ യുവതി സഞ്ചരിച്ച സ്കൂട്ടറാണ് കത്തി നശിച്ചത്. തിരൂർ ഭാഗത്തുനിന്ന് ഒഴൂരിലേക്ക് പോകുന്ന വഴി പൂക്കയിലെത്തിയപ്പോൾ സ്കൂട്ടറിലെ പിറകിൽനിന്ന് പുകയുയരുന്നത് കണ്ട ആളുകൾ യുവതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
ഉടൻ സ്കൂട്ടർ നിർത്തിയതിനാൽ യുവതിക്കും കുട്ടിക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആദ്യം നാട്ടുകാരും പിന്നീട് തിരൂർ ഫയർഫോഴ്സും എത്തിയാണ് സ്കൂട്ടറിലെ തീ അണച്ചത്.