
അടിമാലി: തെരുവുനായുടെ ആക്രമണത്തിൽ 15 പേർക്ക് പരിക്ക്. ഒഴുവത്തടം, മുത്തിക്കാട്, ഇരുമ്പുപാലം, 12ാം മൈൽ മേഖലയിൽ ഉള്ളവർക്കാണ് കടിയേറ്റത്. ബുധനാഴ്ച രാവിലെ ആദ്യം കടിച്ചത് ഒരു കുട്ടിയെയാണ്. പിന്നെ ഏഴ് കിലോമീറ്ററിലധികം ഓടിയ തെരുവുനായ് പന്ത്രണ്ടാം മൈലിലെ വീട്ടിൽ കയറി. വീട് പൂട്ടി നാട്ടുകാർ അധികൃതരെ വിവരം അറിയിച്ചെങ്കിലും ഇതിനിടെ ഇവിടെ നിന്ന് ഓടിയ തെരുവുനായെ പിന്നീട് ആരും കണ്ടില്ല .
15 പേർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നിരവധി വളർത്തുമൃഗങ്ങളെയും കടിച്ചിട്ടുണ്ട്. ഇതോടെ ജനങ്ങൾ കടുത്ത ആശങ്കയിലായി. വാട്സ്ആപ് ഗ്രൂപ്പുകളിൽ മുന്നറിയിപ്പ് നൽകിയതോടെ പലരും വീടുകൾ അടച്ച് വീട്ടിനുള്ളിൽ ഇരിക്കുക വരെ ചെയ്തു.





