കാസർഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ആദ്യ മൂന്ന് പ്രതികൾക്കും ജാമ്യം. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കാണ് ഹോസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വെടിക്കെട്ടിലെ സഹായിയുൾപ്പടെ നാല് പ്രതികളാണ് അറസ്റ്റിലായിരുന്നത്. ഇവർക്ക് നേരെ വധശ്രമത്തിനും സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടെ ചുമത്തിയിരുന്നു.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ആദ്യദിനത്തിലാണ് അപകടം നടന്നത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിലുള്ള ദൂരം വെറും മൂന്നരയടി മാത്രമായിരുന്നു. നൂറ് മീറ്റർ അകലം വേണമെന്ന ചട്ടങ്ങൾ കാറ്റിൽപ്പറത്തിയായിരുന്നു വെടിക്കെട്ട്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് കമ്പപ്പുര തീഗോളമായി മാറിയത്.
പടക്കപുരയ്ക്ക് അടുത്ത് വച്ച് പടക്കത്തിന് തിരികൊളുത്തുകയും, കാണികൾക്ക് സമീപം പടക്കം അലക്ഷ്യമായി കൈകാര്യം ചെയ്യുകയും ചെയ്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കമ്പപ്പുരയ്ക്ക് ചുറ്റും ക്ഷേത്രപരിസരത്തുമായി ഈ സമയം മൂവായിരത്തോളം പേർ ഉണ്ടായിരുന്നു. കമ്പപ്പുരയ്ക്ക് സമീപത്തുണ്ടായിരുന്നവർക്കാണ് പൊള്ളലേറ്റത്. അപകടത്തിൽ പരുക്കേറ്റ 95 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ ഉള്ളത്. അഞ്ചുപേർ വെന്റിലേറ്ററിൽ തുടരുകയാണ്. ആശുപത്രിയിലുള്ളവരുടെ ചികിത്സ ചിലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി സഭായോഗത്തിൽ തീരുമാനിച്ചിരുന്നു.