
കോഴിക്കോട്: കല്ലായി പുഴയോരത്ത് പള്ളിക്കണ്ടി – അഴീക്കൽ റോഡിനു സമീപം ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ തെക്കേപ്പുറത്ത് നടന്ന ഹർത്താൽ പൂർണം. കുറ്റിച്ചിറ, കുണ്ടുങ്ങൽ, ഇടിയങ്ങര, മുഖദാർ, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിലായി നടന്ന ഹർത്താലിനെ തുടർന്ന് കടകൾ അടഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. ഹർത്താലായതിനാൽ ഇന്നലെ പ്ലാന്റ് സ്ഥലത്ത് ചുറ്റുമതിൽ നിർമാണവും നടന്നില്ല.സ്ഥലത്ത് ഇന്നലെയും പൊലീസ് ക്യാംപ് ചെയ്തു. ഹർത്താലിനോട് അനുബന്ധിച്ച് ഇന്നലെ വൈകിട്ട് വൻ പ്രകടനം നടത്തി. സമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു.
യു.സജീർ, എൻ.വി.സുബൈർ, വി.റാസിഖ്, വി.വി.ഷിജിൽ, ടി.ദാവൂദ്, ത്വൽഹത്ത് വെള്ളയിൽ, ഇ.പി.അഷ്റഫ്, ടി.വി.സക്കീർ, സക്കരിയ പള്ളിക്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു. വ്യാഴാഴ്ച നടന്ന പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ 41 പേരും ഇന്നലെ കോടതിയിൽ ഹാജരായി 20,500 രൂപ കെട്ടിവച്ചു.
പൊതു മുതൽ നശിപ്പിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. കുട്ടികളെ സമരത്തിൽ പങ്കെടുപ്പിച്ചതിനു ബാലനീതി നിയമ പ്രകാരമുള്ള വകുപ്പു കൂടി ഇവർക്കെതിരെ ഇന്നലെ ചുമത്തി പൊലീസ് റിപ്പോർട്ട് നൽകി.





