
ദില്ലി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെത്തുടർന്ന് ചരക്കുനീക്കം പ്രതിസന്ധിയിലായ സാഹചര്യത്തിൽ, പച്ചക്കറികൾ കൊണ്ടുപോകുന്നതിനായി മാത്രം അബുദാബിയിൽ നിന്ന് പ്രത്യേക വിമാനം ഇന്ന് കൊച്ചിയിലെത്തും. സാധാരണയായി യാത്രാവിമാനങ്ങളിലെ കാർഗോ വിഭാഗത്തിലാണ് പച്ചക്കറികളും മറ്റ് ഉൽപ്പന്നങ്ങളും കയറ്റി അയക്കാറുള്ളത്. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക ചരക്കുവിമാനം ഏർപ്പെടുത്തുകയായിരുന്നു.
പ്രതിസന്ധി മറികടക്കാൻ ഇനിയും സമയം എടുക്കുമെന്ന് കാർഗോ എച്ച്ഒഡി സതീഷ് കുമാർ പൈ വ്യക്തമാക്കി. പച്ചക്കറികൾ കാർഗോയിലേക്ക് എത്തിക്കുന്നത്തിൽ നിയന്ത്രണം ഏർപ്പെടുത്തി എന്ന് സിയാൽ കാർഗോ വിഭാഗം തലവനും പ്രതികരിച്ചു. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച് ഒരാഴ്ച ആകുമ്പോൾ വ്യോമമേഖല ഭാഗികമായി തുറന്നിരിക്കുകയാണ്. പല വിമാന കമ്പനികളും സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. കൂടാതെ ഗൾഫിൽ പരീക്ഷകൾ വീണ്ടും മാറ്റി വെച്ചിട്ടുണ്ട്.
ദുബായിൽ നിന്നും റാസ് അൽ ഖൈമയിൽ നിന്നും വിമാനങ്ങൾ അധിക സർവ്വീസുകൾ നടത്തും. കോഴിക്കോട്, ബെംഗളൂരു, കൊച്ചി, മുംബൈ, ദില്ലി ഉൾപ്പടെ ഉള്ള സ്ഥലങ്ങളിൽ നിന്ന് ഇന്ന് സർവീസുകൾ ഉണ്ട്. മസ്ക്കറ്റിലേക്കും തിരിച്ചും കൂടുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സര്‍വീസ് നടത്തു. റിലീഫ് ഫ്ളൈറ്റുകളും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.





