Kozhikode

താമരശ്ശേരിയിലെ തീപ്പിടിത്തം: ലക്ഷങ്ങളുടെ നാശനഷ്ടം

Please complete the required fields.




താമരശ്ശേരി : താമരശ്ശേരി പഴയ ബസ്‌സ്റ്റാൻഡിന് മുൻവശത്തെ ഇരുനില കെട്ടിടസമുച്ചയത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയെത്തുടർന്ന് ലക്ഷങ്ങളുടെ നാശനഷ്ടം. മൂന്നു മുറികളും ഒരുഹാളും ഉൾപ്പെടുന്ന പടിപ്പുരയ്ക്കൽ ചാത്തുക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള നൂറ്റാണ്ടിലധികം പഴക്കമുള്ള ഇരുനിലക്കെട്ടിടം തീപിടിച്ച് ഏതാണ്ട് പൂർണമായും കത്തിനശിച്ചു. താമരശ്ശേരി പടിപ്പുരയ്ക്കൽ അനിൽകുമാറിന്റെ സരോജ് ബേക്കറി, പടിപ്പുരയ്ക്കൽ അജിത് കുമാറിന്റെ സരോജ് സ്റ്റേഷനറി, മുക്കം കരിമ്പങ്ങോട്ട് സച്ചിദാനന്ദന്റെപേരിലുള്ള കാബ്‌റോ സ്വീറ്റ്‌സ് എന്നിവിടങ്ങളിലെ സാധനസാമഗ്രികളും പൂർണമായും അഗ്നിക്കിരയായി. ബേക്കറി-സ്റ്റേഷനറി സാധനങ്ങൾ, രണ്ട് റഫ്രിജറേറ്ററുകൾ, ഫ്രീസർ, മിക്സി, അലമാരകൾ, തൂക്കുയന്ത്രം എന്നിവയുൾപ്പെടെ നാലരലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് കത്തിയമർന്നത്. മുക്കം ഫയർസ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ കെട്ടിടസമുച്ചയത്തിൽ പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് വഴിയൊരുക്കിയതെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമികനിഗമനം.

ഏറെ കാലപ്പഴക്കമുള്ള കെട്ടിടത്തിൽ പടർന്ന തീ തൊട്ടടുത്തുണ്ടായിരുന്ന മറ്റു കെട്ടിടങ്ങളിലേക്ക് പടരാതിരുന്നതിനാൽ മാത്രമാണ് വൻദുരന്തവും കൂടുതൽ നാശനഷ്ടങ്ങളും ഒഴിവായത്. കെട്ടിടത്തിന്റെ താഴെനിലയിൽ മാത്രമാണ് കടകൾ പ്രവർത്തിച്ചിരുന്നത്. മുകൾനിലയിലെ ഹാൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ പടർന്നുപിടിച്ച തീ രണ്ടരയോടെ മാത്രമാണ് പൂർണമായും അണയ്ക്കാൻ സാധിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോ തൊഴിലാളികൾ വിവരം പോലീസിലും ഫയർഫോഴ്‌സിലും അറിയിക്കുകയായിരുന്നു. ഇതിന് വളരെ അടുത്തായി സ്ഥിതിചെയ്യുന്ന തൊട്ടുപുറകിലെ കെട്ടിടങ്ങളിലേക്കും വലതുവശത്തായി സ്ഥിതി ചെയ്യുന്ന മൊബൈൽഷോപ്പും വാച്ച് കടയും ഉൾപ്പെടുന്ന കെട്ടിടസമുച്ചയത്തിലേക്കും തീ ആളിപ്പടരാതെ നിയന്ത്രിക്കാൻ മുക്കം അഗ്നിരക്ഷാസേനയ്ക്കായി.

രണ്ടുമണിക്കൂറോളം സമയമെടുത്താണ് സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അബ്ദുൽ ഷുക്കൂർ, എഫ്.ആർ.ഒമാരായ ഒ. ജലീൽ, കെ.ടി. ജയേഷ്, കെ.സി. സലീം, അഭിലാഷ്, പി.പി. രജീഷ്, ഫാസിൽ അലി, പി. നിയാസ്, ആർ.വി. അഖിൽ, ഹോംഗാർഡുമാരായ ആർ.കെ. രാധാകൃഷ്ണൻ, ടി. രവീന്ദ്രൻ എന്നിവരടങ്ങിയ സംഘം തീയണച്ചത്. ഓട്ടോറിക്ഷഡ്രൈവർമാരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. പ്രിൻസിപ്പൽ എസ്.ഐ. സജേഷ് സി. ജോസിന്റെ നേതൃത്വത്തിൽ താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.

Related Articles

Back to top button