ഭാഗ്യം കൊണ്ടാണ് ഞങ്ങൾ ജീവൻ രക്ഷിച്ചത്’; മണ്ണൊഴുക്കിൽ 200 മീറ്ററോളം ഒഴുകിപ്പോയി ക്യാമറാമാനും ഡ്രൈവറും, കൈരളി ടി വി വാർത്താസംഘം രക്ഷപ്പെട്ടത് അത്ഭുതകരമായി

മലപ്പുറം: പാണക്കാട് എടായ് പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ കൈരളി ടി വി മലപ്പുറം വാർത്താസംഘം വൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണിടിച്ചിൽ നടന്ന സ്ഥലത്തുനിന്ന് തത്സമയ സംപ്രേഷണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും വൻതോതിൽ മണ്ണിടിച്ചിലുണ്ടായത്.
റിപ്പോർട്ടർ സ്വാലിഹ് ലൈവ് റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ടിരുന്ന സമയത്ത് മലമുകളിൽ നിന്ന് വലിയ തോതിൽ മണ്ണും ചെളിയും കല്ലുകളും താഴേക്ക് പതിക്കുകയായിരുന്നു. അപകടസാധ്യത ഉടൻ മനസ്സിലാക്കി വാർത്താസംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ശക്തമായ മണ്ണൊഴുക്കിൽ ക്യാമറാമാൻ ജയേഷ് വില്ലോടിയും ഡ്രൈവർ സാഫത്തും ഏകദേശം 200 മീറ്ററോളം റോഡിലൂടെ ഒഴുകിപ്പോയി.എന്നാൽ സമീപത്തുണ്ടായിരുന്നവരുടെ ശക്തമായ ഇടപെടലും ഇവരുടെ സമയോചിതമായ ശ്രമവും മൂലമാണ് പുഴയിലേക്ക് ഒഴുകിപ്പോകാതെ അത്ഭുതകരമായി രക്ഷപ്പെടാനായത്. ഈ അപകടത്തിൽ വാർത്താസംഘം ഉപയോഗിച്ചിരുന്ന ട്രൈപോഡ് കടലുണ്ടി പുഴയിലേക്ക് പൂർണമായി ഒലിച്ചുപോയി.
കൂടാതെ ക്യാമറയും ലൈവ് സംപ്രേഷണത്തിനായി ഉപയോഗിച്ചിരുന്ന വ്യൂ ഉപകരണവും പൂർണമായും ചെളിയിൽ മൂടി കനത്ത കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. “ഭാഗ്യം കൊണ്ടാണ് ഞങ്ങൾ ജീവൻ രക്ഷിച്ചത്. ശക്തമായ മണ്ണൊഴുക്കിൽപ്പെട്ട് പുഴയിലേക്ക് ഒഴുകിപ്പോകാതെ രക്ഷപ്പെടുകയായിരുന്നു,” എന്ന് റിപ്പോർട്ടർ സ്വാലിഹ് സംഭവത്തെക്കുറിച്ച് വ്യക്തമാക്കി.
കനത്ത മഴ തുടരുന്നതിനാൽ പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. അതിനാൽ അനാവശ്യ യാത്രകളും അപകടസാധ്യതയുള്ള മേഖലകളിലേക്കുള്ള പ്രവേശനവും കർശനമായി ഒഴിവാക്കണമെന്ന് അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം മലപ്പുറത്ത് പെയ്ത കനത്ത മഴയ്ക്കു പിന്നാലെ പരപ്പനങ്ങാടി- നാടുകാണി സംസ്ഥാന പാതയിൽ ഇന്ന് രാവിലെ വലിയ രീതിയിൽ മണ്ണിടിഞ്ഞുവീണത് . റോഡിന്റെ വശങ്ങളിൽ നിന്ന് മണ്ണ് ഇടിഞ്ഞ് വീണതോടൊപ്പം വെള്ളവും വലിയ പാറക്കല്ലുകളും മരങ്ങളും താഴേക്ക് പതിക്കുകയായിരുന്നു.
മുകളിൽ നിന്ന് മണ്ണും വെള്ളവും കുത്തിയൊലിച്ച് റോഡിലേക്ക് വീണതിനെ തുടർന്ന് പ്രദേശത്ത് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. കഴിഞ്ഞ രാത്രി മുതൽ മലപ്പുറത്ത് ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ മുതൽ ചെറിയ തോതിൽ തുടങ്ങിയ മണ്ണിടിച്ചിൽ ഇന്ന് രാവിലെയോടെയാണ് കൂടുതൽ രൂക്ഷമായതെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.





