
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ എ.എ.പിയില്‍ പൊട്ടിത്തെറി. സാമൂഹിക ക്ഷേമ മന്ത്രി രാജ്കുമാര് ആനന്ദ് മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു.
അഴിമതിക്കെതിരേ പോരാടാനാണ് താന്‍ എ.എ.പിയില്‍ ചേര്‍ന്നതെന്നും എന്നാല്‍ ഇന്ന് അതേ എ.എ.പി തന്നെ അഴിമതിയില്‍ മുങ്ങിയെന്നും രാജിവെച്ച ശേഷം രാജ്കുമാര് ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ദളിത് വിരുദ്ധമായി മാറിയെന്നും രാജ്കുമാര് പറഞ്ഞു.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജയിലിന് അകത്തായിട്ട് രാജിവെക്കാന്‍ തയ്യാറാവാത്തതും ജയിലില്‍ നിന്ന് ഭരിക്കുമെന്നതടക്കമുള്ള നിലപാടും പാര്‍ട്ടിക്കുള്ളില്‍ വലിയ അഭിപ്രായ വ്യത്യാസമുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് ആദ്യമായി ഒരു പ്രമുഖ മന്ത്രിതന്നെ പാര്‍ട്ടിയില്‍ നിന്നും മന്ത്രി സഭയില്‍ നിന്നും രാജിവെക്കുന്നത്.
പാര്‍ട്ടിയുടെ ഭാവി കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ നേതാക്കള്‍ ബുധനാഴ്ച അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇത് പുരോഗമിച്ചുകൊണ്ടിരിക്കെയാണ് രാജി.
മദ്യനയക്കേസില്‍ കെജ്രിവാളിന്റെ അറസ്റ്റിനെ ചോദ്യംചെയ്ത് കഴിഞ്ഞദിവസം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ എ.എ.പി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങവെയാണ് പൊട്ടിത്തെറി.





