‘സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം, നടപടിയുണ്ടാകുമെന്ന് അറിയിച്ച് ഉത്തരവിറക്കണം’: ഹൈക്കോടതി

കൊച്ചി: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. പണിമുടക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ച് ഇന്നുതന്നെ ഉത്തരവിറക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നല്‍കി. പണിമുടക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിക്കാത്തത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. കേരള സർവ്വീസ് ചട്ടപ്രകാരം സർക്കാരിന്‍റെ നയങ്ങൾക്കെതിരെ സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്. സർവ്വീസ് ചട്ടത്തിലെ റൂൾ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടികാട്ടി. ഈ സാഹചര്യത്തിൽ പണിമുടക്കിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് കാണിച്ച് ഉത്തരവിറക്കിണം.
പണിമുടക്കുടക്കിന് ഡയസ്നോൺ പ്രഖ്യാപിക്കാത്ത നടപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. പണിമുടക്കിന് ശേഷം നടപടിയുണ്ടാകുമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് പണിമുടക്ക് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ദിവസം പണിമുടക്കുന്നവർക്ക് അവധിയായി ശമ്പളം നൽകാൻ നീക്കമുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. 2019 ജനുവരി 8, 9 തിയ്യതികളിൽ പണിമുടക്കിയ ജീവനക്കാർക്ക് അവധിയാക്കി ശമ്പളം നൽകിയ സർക്കാർ നടപടി നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹാജർ പട്ടിക പരിശോധിച്ച് നടപടിയെടുക്കാനും കോടതി നിർദ്ദേശം നൽകിയിരുന്നു.





