ഇനി റെയിൽവേ സ്റ്റേഷനിൽ ക്യൂ നിൽക്കേണ്ട! ടിക്കറ്റ് നിരക്കിൽ ഇളവും ‘റെയിൽ വൺ’ വഴി ജനറൽ ടിക്കറ്റെടുത്താൽ 3 ശതമാനം ഇളവ്

ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കുന്നതിനായി റയിൽ വൺ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് റെയിൽവേ ഇളവ് പ്രഖ്യാപിച്ചു. ആപ്പ് വഴി അൺറിസർവ്ഡ് ടിക്കറ്റുകൾ എടുക്കുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 3 ശതമാനം ലാഭിക്കാം.
ഈ ആനുകൂല്യം 2026 ജൂലൈ 14 വരെ മാത്രമേ ലഭ്യമാകൂ. യുപിഐ , ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ് എന്നിവ വഴി ഡിജിറ്റൽ പേയ്മെന്റ് നടത്തുന്നവർക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. നേരിട്ട് പണം നൽകി ടിക്കറ്റ് എടുക്കുന്നവർക്ക് ഈ ഇളവ് ബാധകമല്ല. യാത്രക്കാർക്ക് സ്റ്റേഷനിലെ ക്യൂ ഒഴിവാക്കാനും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനും ഈ സംവിധാനം സഹായിക്കും.
ജോലിക്കും പഠനത്തിനുമായി ദിവസേന ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ഈ പദ്ധതി വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. 3 ശതമാനം ഇളവ് ദിവസവും യാത്ര ചെയ്യുന്നവരായ സാധാരണക്കാരുടെ ചെലവ് കുറക്കും. റെയിൽ വൺ വഴി ബുക്ക് ചെയ്യുന്നത് വഴി സ്റ്റേഷനുകളിലെ നീണ്ട നിരകൾ ഒഴിവാക്കാൻ സഹായിക്കും. പീക്ക് സമയങ്ങളിലും വീട്ടിൽ നിന്ന് തന്നെ ടിക്കറ്റ് ഉറപ്പാക്കാനാകുന്നതോടെ യാത്ര കൂടുതൽ എളുപ്പമാകും.
മാസങ്ങൾക്ക് മുൻപ് ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ റെയിൽ വൺ ആപ്പ് ഒട്ടേറെ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ട് വരുന്നതാണ്. റിസർവ്‍ഡ്, അൺറിസർവ്‍ഡ്, പ്ലാറ്റ്ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ലൈവ് ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കാനും ആപ്പ് ഉപയോഗിക്കാം. ആപ്പിൽ തന്നെ പിഎൻആർ അപ്ഡേറ്റുകൾ ലഭിക്കും. പ്ലാറ്റ്ഫോം സംബന്ധിച്ച വിവരങ്ങൾ അറിയാനും യാത്രയ്ക്കിടെ ഭക്ഷണം ഓർഡർ ചെയ്യാനും റെയിൽ വണ്ണിൽ സൗകര്യമുണ്ട്. ഐആർസിടിസി റെയിൽ കണക്ട്, എൻടിഇഎസ്, യുടിഎസ് ഓൺ മൊബൈൽ, റെയിൽ മദദ് തുടങ്ങിയ ആപ്പുകൾ സംയോജിപ്പിച്ചാണ് റെയിൽ വൺ ആപ്പ് പ്രവർത്തിക്കുന്നത്.





