
താമരശ്ശേരി: വീൽ ചെയറുകളിലെത്തി ഒത്തുകൂടിയ ഭിന്നശേഷി വിഭാഗക്കാർ പുതുവർഷത്തിൽ പുതിയ ആവേശവുമായി മടങ്ങി. ഓൾ കേരള വീൽ ചെയർ റൈറ്റ് ഫെഡറേഷൻ (എകെഡബ്ല്യുആർഎഫ്) ജില്ലാ കമ്മിറ്റിയും താമരശ്ശേരി സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ സംഗമം എം.കെ.മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ പുരോഗമന സമൂഹത്തിന് മുന്നോട്ടുപോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇവരുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്നും എംഎൽഎ ഉറപ്പു നൽകി. പ്രസംഗം അവസാനിപ്പിച്ച് പാട്ട് പാടിയതോടെ വീൽ ചെയറുകളിൽ ഇരുന്നവർ കയ്യടിച്ചും താളം പിടിച്ചും പ്രോത്സാഹിപ്പിച്ചു. വിവിധ മേഖലകളിൽ മികവു പുലർത്തിയ പി.കെ. മുഹമ്മദലി, ബവീഷ് ബാൽ, റീജ കൃഷ്ണ, മുഹമ്മദ് നഈം, പി. ഇന്ദു എന്നിവരെ എംഎൽഎ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദു റഹിമാൻ ആധ്യക്ഷ്യം വഹിച്ചു. ഗവ. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ജ്യോതി മെനോത്ത് റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം റംസീന നരിക്കുനി, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം.ടി. അയ്യൂബ് ഖാൻ, അംഗങ്ങളായ സൗദാ ബീവി, ഫസീല ഹബീബ്, ബുഷ്റ, എകെഡബ്ല്യുആർഎഫ് ജില്ലാ പ്രസിഡന്റ് പി.കെ. മുഹമ്മദലി, ഉദയകുമാർ, വി.പി. ഉസ്മാൻ, ഉസ്മാൻ പി. ചെമ്പ്ര, പി.എം. അബ്ദുൽ മജീദ്, സി.എം. അശോകൻ, അഷ്റഫ് കോരങ്ങാട്, ഷരീഫ് ബദർ, ബുഷ്റ, വി.കെ.പ്രജീഷ്, സി.ഹുസൈൻ, ഷമീർ ബാവ എന്നിവർ പ്രസംഗിച്ചു.





