Kozhikode

ഫറോക്കില്‍ മധ്യവയസ്‌കനെ ചവിട്ടിക്കൊന്ന കേസിലെ പ്രതി എട്ട് മാസത്തിനു ശേഷം പിടിയില്‍

Please complete the required fields.




കോഴിക്കോട്: ഫറോക്കില്‍ മധ്യവയസ്‌കനെ ചവിട്ടിക്കൊന്ന കേസിലെ പ്രതി എട്ട് മാസത്തിനു ശേഷം പിടിയില്‍. ഫറോക്ക് ചുള്ളിപറമ്പില്‍ മടവന്‍പാട്ടില്‍ അര്‍ജുനന്‍ (60) കൊല്ലപ്പെട്ട കേസില്‍ ഫറോഖ് നല്ലൂര്‍ ചെനക്കല്‍ മണ്ണെണ്ണ സുധി എന്ന സുധീഷ് കുമാര്‍ (39) ആണ് പിടിയിലായത്. കഴിഞ്ഞ ജനുവരിയില്‍ ഫറോക്ക് ചുങ്കം മീന്‍ മാര്‍ക്കറ്റിനടുത്തായിരുന്നു കൊലപാതം നടന്നത്.

ലഹരിക്ക് അടിമയായ സുധീഷ് ചുങ്കം ചുള്ളിപറമ്പ് മീന്‍ മാര്‍ക്കറ്റിനു സമീപത്തെ സ്ലാബില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടക്കാണ് തൊട്ടടുത്തിരുന്ന അര്‍ജുനനുമായി വാക്കേറ്റമുണ്ടായത്. അര്‍ജുനനെ നിലത്തിട്ട് ചവിട്ടിയ സുധീഷ് ഓടി രക്ഷപ്പെട്ടു. ബോധരഹിതനായി രക്തം വാര്‍ന്നുകിടന്ന അര്‍ജുനനെ പിറ്റേ ദിവസം നാട്ടുകാരാണ് ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിലെ എല്ലുകള്‍ പൊട്ടിയതും തലച്ചോറിലെ ക്ഷതം കാരണം രക്തം കട്ടപിടിയ്ച്ചതുമാണ് മരണകാരണമായത്.

തമിഴ്‌നാട് ഈറോഡില്‍ താമസിക്കുന്നതിനിടെ ജോലിക്കായും മയക്കുമരുന്നിനായും ഇരുന്നൂറ് കിലോമീറ്റര്‍ അകലെയുള്ള മൈസൂരുവിലേക്ക് ദിവസേന യാത്ര ചെയ്തിരുന്ന പ്രതി പത്തോളം മൊബൈല്‍ ഫോണുകളും നിരവധി സിം കാര്‍ഡുകളും മാറ്റി ഉപയോഗിച്ച് പോലീസിന്റെ അന്വേഷണത്തെ വഴി തെറ്റിച്ചു വിടാന്‍ ശ്രമിച്ചു. ഡിണ്ടിഗല്‍, ആന്ധ്ര, മഹാരാഷ്ടയിലെ നാസിക് തുടങ്ങിയ സ്ഥലങ്ങളിലും ഒളിവില്‍ കഴിഞ്ഞു. തമിഴ്, ഹിന്ദി ഭാഷകളിലെ നൈപുണ്യം ഒളിച്ചു കഴിയാന്‍ ഇയാള്‍ക്ക് കൂടുതല്‍ സഹായകമായതായി പോലീസ് പറഞ്ഞു.

ഈറോഡില്‍ താമസിക്കുന്നതിനിടെ കൂടെ ജോലി ചെയ്തിരുന്നയാളെ മദ്യലഹരിയില്‍ ക്രൂരമായി മര്‍ദിച്ച് കൊലചെയ്ത ശേഷം ബെഡ്ഷീറ്റില്‍ കെട്ടി റെയില്‍വേ ട്രാക്കിലിടാന്‍ ശ്രമിക്കുകയും ആളുകളെ കണ്ടപ്പോള്‍ അഴുക്കുചാലില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ശക്തമായ മഴകാരണം മൃതശരീരം ഓടക്കുള്ളിലേക്ക് പോയി. ദിവസങ്ങള്‍ക്ക് ശേഷമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്.

ഇവിടെ നിന്ന് രക്ഷപ്പെട്ട് താമരക്കര എന്ന സ്ഥലത്ത് മറ്റൊരു വേഷത്തില്‍ കഴിയവേ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് അംഗങ്ങള്‍ പിന്തുടരുന്നുവെന്ന് മനസ്സിലാക്കിയ സുധീഷ് കര്‍ണാടക വഴി കേരളത്തിലേക്ക് കടക്കുകയായിരുന്നു. പഴുതടച്ച അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.

സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഒ മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ശഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, എ കെ അര്‍ജുന്‍, രാകേഷ് ചൈതന്യം, ഫറോക്ക് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ വി ആര്‍ അരുണ്‍, എ എസ് ഐ ലതീഷ് പുഴക്കര, സിവില്‍ പോലീസ് ഓഫിസര്‍ ടി പി അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Back to top button