Kerala

പട്ടാപ്പകൽ യുവതിയെ കുത്തി കൊലപ്പെടുത്തി കത്തിച്ച ശേഷം പ്രതി ജീവനൊടുക്കി

Please complete the required fields.




പട്ടാമ്പി : യുവതിയെ കുത്തിക്കൊന്ന് കത്തിച്ചശേഷം യുവാവ് തൂങ്ങിമരിച്ചു. തൃത്താല പട്ടിത്തറ ആലൂർ കങ്കണത്ത്പറമ്പിൽ പ്രവിയ (30) ആണ് മരിച്ചത്. കൊടുമുണ്ട തീരദേശ റോഡിൽ വിഷുദിവസം രാവിലെ പത്തരയോടെയാണ് സംഭവം. റോഡരികിൽ പുക ഉയരുന്നതുകണ്ട് എത്തിയ നാട്ടുകാരാണ് യുവതിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്.

പട്ടാമ്പിയിലേക്ക് സ്‌കൂട്ടറിൽ വരികയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി വയറിലും നെഞ്ചിലും കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന്, മരണം ഉറപ്പിക്കാനായി കൈയിൽ കരുതിയിരുന്ന പെട്രോളൊഴിച്ച്‌ കത്തിച്ചു. സംഭവത്തിനുശേഷം പ്രതി ആലൂർസ്വദേശി സന്തോഷ് (45) സഹോദരന്റെ വീട്ടിലെത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.

തുടർന്ന്, ഗുരുതരാവസ്ഥയിൽ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്തോഷ് ചികിത്സയിലിരിക്കെ മരിച്ചു. പ്രവിയ സന്തോഷിന്റെ ഫോട്ടോസ്റ്റാറ്റ് കടയിൽ കുറച്ചുകാലം ജോലിചെയ്തിരുന്നു. പിന്നീടാണ് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കുചേർന്നത്. ഇതിനിടെ പ്രവിയയുടെ വിവാഹവും നിശ്ചയിച്ചിരുന്നു. പ്രവിയയും സന്തോഷും അടുപ്പത്തിലായിരുന്നെന്നാണ് പോലീസിനുകിട്ടിയ വിവരം.

വിവാഹിതനായ സന്തോഷ് ഭാര്യയുമായി പിരിഞ്ഞുകഴിയുകയായിരുന്നു. രണ്ടുമക്കളുണ്ട്. പ്രവിയയ്ക്കും ആദ്യവിവാഹത്തിൽ ഒരു കുട്ടിയുണ്ട്. പ്രവിയയുടെ രണ്ടാംവിവാഹം നിശ്ചയിച്ചിരുന്നത്രേ. അതിൽനിന്ന് പിൻമാറാൻ ഇയാൾ പ്രവിയയോട്‌ ആവശ്യപ്പെട്ടതായും ഇത് നിരസിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് നിഗമനം. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനുശേഷം സംസ്‌കരിച്ചു. സംഭവത്തിൽ പട്ടാമ്പിപോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button