
തൃശൂര്‍ : റോഡില്‍ അഭ്യാസം കാണിച്ച ഇരിങ്ങാലക്കുട സ്വദേശിക്ക് കിട്ടിയത് എട്ടിന്റെ പണി. കഴിഞ്ഞ ദിവസം നാഷണല്‍ ഹൈവേയില്‍ കറുകുറ്റി – അങ്കമാലി ഭാഗത്ത് വച്ചാണ് സംഭവം. ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ച വ്യക്തി റോഡില്‍ അപകടകരമായ രീതില്‍ ബൈക്ക് ഓടിക്കുകയും മറ്റ് വാഹനങ്ങളുടെ ഡ്രൈവിംഗ് തടസപ്പെടുത്തുകയുമായിരുന്നു.
ഇരു കൈകളും വാഹനത്തില്‍ നിന്നും വിട്ട് സമീപത്ത് കൂടെ പോയിരുന്ന കെ എസ് ആര്‍ ടി സി ബസിലെ ഡ്രൈവറോടുവരെ ഇയാള്‍ അഭ്യാസങ്ങള്‍ തുടര്‍ന്നു. എന്നാല്‍ ഇതെല്ലാം പുറകില്‍ കാറില്‍ വന്നിരുന്നവര്‍ വീഡിയോ പകര്‍ത്തിയിരുന്നു. സോഷ്യല്‍ മീഡിയായില്‍ വീഡിയോ വൈറല്‍ ആയിരുന്നു. ഇതിന് പിന്നാലെയാണ് ആർ ടി ഒ നടപടിയെടുത്തത്.
ബൈക്കിന്റെ നമ്പര്‍ ഇരിങ്ങാലക്കുട രജിസ്‌ട്രേഷനാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട ജോയിന്റ് ആർ ടി ഒ കെ. എ. രാജു ബൈക്കുടമയായ ഇരിങ്ങാലക്കുട തെക്കുംകര സ്വദേശി വെഞ്ഞനപ്പിള്ളി വീട്ടില്‍ ഷാഹുല്‍ എന്നയാളെ ഓഫീസില്‍ വിളിച്ച് വരുത്തി ഷോക്കോസ് നോട്ടീസ് നല്‍കിയാണ് ലൈസന്‍സ് സസ്‌പെന്റ് ചെയ്ത്.
മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തത്. മലപ്പുറം എടപ്പാളില്‍ ഐ ഡി ടി ആര്‍ സ്ഥാപനത്തില്‍ ട്രെയിനിങ്ങ് പൂര്‍ത്തിയാക്കി സാമൂഹ്യ സേവനവും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇയാള്‍ക്ക് വീണ്ടും വാഹനമോടിക്കാന്‍ സാധിക്കുകയുള്ളു.





